സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി; വധു ബാഡ്മിന്റന്‍ താരം റെസ ഫര്‍ഹാത്ത്

സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി; വധു ബാഡ്മിന്റന്‍ താരം റെസ ഫര്‍ഹാത്ത്

കണ്ണൂര്‍: ഇന്ത്യന്‍ ഫുട്ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി. ബാഡ്മിന്റന്‍ താരം റെസ ഫര്‍ഹത്താണ് വധു. കേരള ബ്ലാസ്‌റ്റേഴ്‌സിലെ സഹതാരങ്ങളായ കെ.പി രാഹുല്‍, ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് തുടങ്ങി നിരവധി പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 'എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങള്‍ ഔദ്യോഗികമാക്കി' എന്ന അടിക്കുറിപ്പോടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സഹല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

സാഫ് കപ്പ് ഫൈനലില്‍ കുവൈറ്റിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ ജേതാക്കളാക്കിയതിന് തൊട്ടു പിന്നാലെയാണ് സഹലിന്റെ വിവാഹം. ഫൈനലില്‍ സഹലിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ലാലിയന്‍ സുവാല ചാംഗ്തേ സമനില ഗോള്‍ നേടിയത്.


ഇതിനിടെ താരം ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റ് സാധ്യതകള്‍ തേടുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ് അടക്കമുള്ള ക്ലബ്ബുകള്‍ സഹലിനായി രംഗത്തുണ്ട്.

2.2 കോടി രൂപ ട്രാന്‍സ്ഫര്‍ മൂല്യമുള്ള സഹലിന് 2025 മേയ് 31 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട്. ബഗാനു പുറമെ ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി, ഒഡിഷ എഫ്.സി ടീമുകളും താരത്തിനായി രംഗത്തുണ്ട്. ഇതിനിടെ സഹലിനെ സൗദി ക്ലബുകള്‍ നോട്ടമിട്ടതായ വാര്‍ത്തകളും പുറത്തു വന്നിരുന്നു.

യുഎഇയിലെ അല്‍ ഇത്തിഹാദ് ക്ലബിലൂടെ കളിച്ചു വളര്‍ന്ന കണ്ണൂര്‍ സ്വദേശിയായ സഹല്‍ കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ അരങ്ങേറിയതിന് പിന്നാലെ 2017 ലാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. മഞ്ഞക്കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ മത്സരത്തില്‍ ബൂട്ടുകെട്ടിയ ക്രെഡിറ്റുള്ള സഹല്‍ 97 മത്സരങ്ങളില്‍ 10 ഗോളും ഒമ്പത് അസിസ്റ്റും നേടി. ഇന്ത്യക്കായി 25 മത്സരങ്ങളില്‍ മൂന്നു ഗോള്‍ നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.