രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു; വെള്ളിയാഴ്ച ബാസ്‌റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും

രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു; വെള്ളിയാഴ്ച ബാസ്‌റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഫ്രാൻസിൽ എത്തുന്നത്. ഇന്നും നാളെയും അദ്ദേഹം ഫ്രാൻസിൽ ഉണ്ടാവും. വെള്ളിയാഴ്ച നടക്കുന്ന ബാസ്‌റ്റിൽ ഡേ പരേഡിലും മോഡി പങ്കെടുക്കും.

269 അംഗ ഇന്ത്യൻ ത്രിസേനാ സംഘത്തിന്റെ പങ്കാളിത്തം കൂടി ഉൾപ്പെടുന്ന വാർഷിക ബാസ്‌റ്റിൽ ഡേ പരേഡിലെ വിശിഷ്ടാതിഥിയായാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മൂന്ന് റാഫേൽ യുദ്ധവിമാനങ്ങളും ഫ്രഞ്ച് ജെറ്റുകൾക്കൊപ്പം ഫ്ലൈപാസ്‌റ്റിൽ പങ്കെടുക്കും.

ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം നാല് മണിക്ക് പാരീസിൽ എത്തുന്ന പ്രധാനമന്ത്രിക്ക് ഓർലി എയർപോർട്ടിൽ ആചാരപരമായ സ്വീകരണം നൽകും. 7.30 ന് സെനറ്റിലെത്തി സെനറ്റ് പ്രസിഡന്റ് ജെറാഡ് ലാർച്ചറെ കാണും. 8.45 ന് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായി മോഡി കൂടിക്കാഴ്‌ച നടത്തും.

രാത്രി 11 മണിക്ക് ലാ സീൻ മ്യൂസിക്കേലിൽ പ്രധാനമന്ത്രി ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്യും. അതിനുശേഷം 12.30 ഓടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആതിഥേയത്വം വഹിക്കുന്ന ഒരു സ്വകാര്യ വിരുന്നിലും പങ്കെടുക്കാൻ പ്രധാനമന്ത്രി എലിസി കൊട്ടാരത്തിലെത്തും.

പ്രതിരോധം, ബഹിരാകാശം, വ്യാപാരം, നിക്ഷേപം എന്നിവയുൾപ്പെടെ സുപ്രധാന മേഖലകളിലെ സഹകരണം മുന്നോട്ട് കൊണ്ട് പോകുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി ചർച്ച നടത്തും. 

ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി അബുദാബിയിലേക്കാവും പോകുക. അവിടെ എച്ച്.എച്ച്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോഡി ചർച്ച നടത്തും. യുഎഇയുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന് കൂടിക്കാഴ്ച്ച ഗുണം ചെയ്യുമെന്ന് മോഡി ട്വിറ്ററിൽ കുറിച്ചു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.