ഡ്രൈവറില്ലാ ബസുകളുടെ പരീക്ഷണഓട്ടം നടത്തി ദുബായ് ആർടിഎ

ഡ്രൈവറില്ലാ ബസുകളുടെ പരീക്ഷണഓട്ടം നടത്തി ദുബായ് ആർടിഎ

ദുബായ്: ഡ്രൈവറില്ലാ ബസുകളുടെ പരീക്ഷണ ഓട്ടം നടത്തി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ദുബായ് സിലിക്കണ്‍ ഓയാസിസിലാണ് ബസുകള്‍ പരീക്ഷണ ഓട്ടം നടത്തിയത്. സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗതാഗതം ലക്ഷ്യമിടുന്ന ദുബായ് വേള്‍ഡ് ചലഞ്ച് മൂന്നാം പതിപ്പിന്‍റെ ഭാഗമായാണ് ഡ്രൈവറില്ലാ ബസുകള്‍ പരീക്ഷണ ഓട്ടം നടത്തുന്നതെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒയും ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിന്‍റെ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ അഹമ്മദ് ബഹ്‌റോസിയാൻ പറഞ്ഞു.

2030 ഓടെ ദുബായിലെ ഗതാഗതത്തിന്‍റെ 25 ശതമാനവും സ്വയം നിയന്ത്രിത ഗതാഗതമാക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്. ദുബായ് വേള്‍ഡ് ചലഞ്ചിന്‍റെ കഴിഞ്ഞ രണ്ട് പതിപ്പും വിജയകരമായി നടപ്പിലാക്കിയിരുന്നു. ഇത്തവണ സ്വയം നിയന്ത്രിത ബസുകള്‍ എന്ന ആപ്തവാക്യത്തിലാണ് ചലഞ്ച് ഒരുങ്ങുന്നത്.
ലോകമെമ്പാടുമുളള കമ്പനികളില്‍ നിന്ന് 27 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. രണ്ട് വിഭാഗങ്ങളിലായാണ് വേള്‍ഡ് ചലഞ്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചത്.

ഇന്‍ഡസ്ട്രിയില്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനികളില്‍ നിന്നുളള അപേക്ഷകളില്‍ 130 ശതമാനം വർദ്ധനവും പ്രാദേശിക കമ്പനികളില്‍ നിന്നുളള അപേക്ഷകളില്‍ 175 ശതമാനം വർദ്ധനവുമാണ് രേഖപ്പെടുത്തിയിട്ടുളളത്. 2 ദശലക്ഷം ഡോളറാണ് ആദ്യവിഭാഗത്തില്‍ വിജയിക്കുന്നവർക്കുളള സമ്മാനം. പ്രാദേശിക കമ്പനികളുടെ വിഭാഗത്തില്‍ വിജയിക്കുന്നവർക്ക് 3 ലക്ഷം ഡോളർ സമ്മാനമായി നല്‍കും.

ദുബായ് അർബന്‍ മാസ്റ്റർപ്ലാനിന്‍റെ കീഴില്‍ പ്രത്യേകസാമ്പത്തികമേഖലയായാണ് ദുബായ് സിലിക്കണ്‍ ഓയാസീസ് പ്രവർത്തിക്കുന്നത്. ഏറ്റവും നവീനമായ സാങ്കേതിക വിദ്യ പ്രാവർത്തികമാക്കുകയും അതോടൊപ്പം സ്മാർട് സിറ്റി ജോലിസൗകര്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന സിലിക്കണ്‍ ഓയാസീസ് ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ നിലനിർത്തുന്നതില്‍ ഗണ്യമായ സംഭാവന നല്‍കുന്നുവെന്ന് ദുബായ് ഇന്‍റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയിലെ ചീഫ് ഓഫീസർ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് സസ്റ്റൈനബിലിറ്റി മുഅമ്മർ അൽ കത്തീരി പറഞ്ഞു.

സെപ്റ്റംബർ 26 മുതൽ 27 വരെയാണ് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ട് കോണ്‍ഗ്രസ് നടക്കുക. സ്വയം നിയന്ത്രിത ഗതാഗത ചലഞ്ചിലെ വിജയികളെ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തില്‍ 60 പ്രദർശകർ പങ്കെടുക്കും. 2000 ത്തോളം സന്ദർശകരും പ്രദർശനത്തിനെത്തും. പാനല്‍ ചർച്ചകളും വർക്ക് ഷോപ്പുകളും ഇതോടനുബന്ധിച്ച് നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.