ഇടുക്കി: തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി. മണിപ്പൂര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് തലശേരി ആര്‍ച്ച് ബിഷപ്പിനെ പരസ്യമായി സിപിഎം നേതാവ് അപമാനിച്ചത്. ബിജെപിക്ക് എംപിയെ ഉണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞ ബിഷപ്പ് മണിപ്പൂര്‍ വിഷയത്തില്‍ നാവടക്കിയിരിക്കുകയാണെന്ന് എം.എം മണി പറഞ്ഞു.
സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചാണ് മാര്‍ ജോസഫ് പാംപ്ലാനിയെ അധിക്ഷേപിച്ചത്. നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എം മണി.
'കത്തോലിക്ക ബിഷപ്പ് പറഞ്ഞു, റബറിന് 300 രൂപ തന്നാല്‍ ബിജെപിക്ക് എംപിയെ ഉണ്ടാക്കിക്കൊടുക്കാം എന്ന്. പുള്ളിയുടെ പോക്കറ്റില്‍ കോണക ശീലയിലല്ലേ എംപി ഇരിക്കുന്നത്. ഇപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല. അവിടെ കൊന്നോണ്ടിരിക്കുവാ. ബിഷപ്പുമാരേയും തട്ടും. ഞങ്ങള്‍ക്ക് പണ്ടേ രക്ഷയില്ല. മണിപ്പൂരില്‍ അതാണ് ഇപ്പോള്‍ നടക്കുന്നത്'- എന്നായിരുന്നു എം.എം മണിയുടെ വിവാദ പരാമര്‍ശം.
അതേസമയം റബര്‍ വില പരാമര്‍ശത്തില്‍ മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമായ മറുപടി മാധ്യമങ്ങളിലൂടെ തന്നെ നല്‍കിയിരുന്നു. കര്‍ഷകരുടെ വിഷയം ക്രൈസ്തവരുടെ മാത്രം പ്രശ്നമാണെന്ന് താന്‍ കരുതുന്നില്ലെന്നും കര്‍ഷക സംഘടനകള്‍ തന്നെയാണ് റബ്ബറിന് കിലോയ്ക്ക് 300 രൂപ നല്‍കിയാല്‍ തങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതെന്നും അദ്ദേഹം ഏഷ്യാനെറ്റിന്റെ പോയന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു.
കടബാധ്യതകൊണ്ട് നട്ടം തിരിയുന്ന റബ്ബര്‍ കര്‍ഷകന്റെ പ്രശ്നം പറയേണ്ടിയിരുന്നത് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിനോടല്ലാതെ മറ്റാരോടാണെന്നും മാര്‍ ജോസഫ് പാംപ്ലാനി അതില്‍ ചോദിക്കുകയുണ്ടായി. ആ സംഭവത്തെ സഭയുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കര്‍ഷകരുടെ ആവശ്യം നിറവേറ്റാന്‍ വേണ്ടി മുന്നിട്ടിറങ്ങുന്നത് കോണ്‍ഗ്രസ് ആണെങ്കിലും സിപിഎം ആണെങ്കിലും കര്‍ഷകര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് താന്‍ അന്ന് പറഞ്ഞിരുന്നതെന്നും തലശേരി ബിഷപ്പ് വ്യക്തമാക്കിയിരുന്നു.
അതുപോലെ തന്നെ മണിപ്പൂര്‍ വിഷയത്തിലും സഭ ഒരു നിലപാടെടുക്കാന്‍ വൈകിയിട്ടില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. കാരണം കെസിബിസി സമ്മേളനം നടന്ന ആദ്യം അവസരത്തില്‍ തന്നെ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിരുന്നു. സിബിസിഐയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി, വിവിധ ക്രൈസ്തവ സംഘടനകള്‍, രൂപതകള്‍ എന്നിവര്‍ മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിര നടപടി ഉണ്ടാകണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി. ഗുജറാത്തിലെന്ന പോലെ ക്രൈസ്തവരെ വംശ ഹത്യ നടത്താനുള്ള കലാപമാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും മാര്‍ ജോസഫ് പാംപ്ലാനി ആരോപിച്ചിരുന്നു. മണിപ്പൂരിലെ മാത്രം ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണുന്നില്ല. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിരുദ്ധ സമീപനങ്ങള്‍ ശക്തമായിട്ട് ഉണ്ടായിക്കൊണ്ടിരിക്കുവാണെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
ഈ സംഭവങ്ങള്‍ എല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ക്കുശേഷമാണ് എം.എം മണി വിവാദ പരാമര്‍ശവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. എം.എം മണി മുന്‍പും ഏറെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്.
ശാന്തന്‍പാറയിലെ വണ്‍, ടൂ, ത്രീ കൊലപാതകം
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് 2012 മെയ് 25 ന് തൊടുപുഴ മണക്കാട്ടെ വിവാദ പ്രസംഗം. ''പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്തും സിപിഎമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ മൂന്ന് പേരെ കൊന്നു. ഒന്നാമനെ വെടിവച്ചു കൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേട്ടില്‍ ഒരാളെയും കൊന്നു. വണ്‍, ടൂ, ത്രീ, ഫോര്‍... ' പ്രസംഗത്തെത്തുടര്‍ന്നു മണിക്കെതിരെ നാല് കേസുകളാണ് വന്നത്. 46 ദിവസം ജയിലിലുമായി.
ബാര്‍ബര്‍മാര്‍ക്കെതിരെ വിവാദ പരാമര്‍ശം
കേസെടുക്കാന്‍ കഴിയില്ലെങ്കില്‍ പൊലീസുകാര്‍ കാക്കിക്കുപ്പായം ഊരിവച്ച് ബാര്‍ബര്‍ ഷോപ്പ് തുടങ്ങണമെന്ന മണിയുടെ പ്രസംഗത്തിനെതിരെ 2014 ഒക്ടോബറില്‍ ബാര്‍ബര്‍മാരുടെ സംഘടന രംഗത്തുവന്നിരുന്നു. മണിയുടെ മുടിയും താടിയും വെട്ടില്ലെന്നു സംഘടന തീരുമാനമെടുത്തു. ഖേദം പ്രകടിപ്പിച്ചാണ് അന്ന് അദ്ദേഹം തലയൂരിയത്.
തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ച് വിവാദം
പെമ്പിളൈ ഒരുമൈ സമരത്തില്‍ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ച് 2017 ഏപ്രിലില്‍ മന്ത്രിയായിരിക്കെ നടത്തിയ പ്രസംഗത്തെത്തുടര്‍ന്നു മൂന്നാറില്‍ സംഘര്‍ഷവും സംസ്ഥാനമൊട്ടാകെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ പരാമര്‍ശത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
നടിയെ പീഡിപ്പിച്ച കേസ് 'നാണംകെട്ട കേസ്'
ക്വട്ടേഷന്‍ പ്രകാരം നടിയെ പീഡിപ്പിച്ച കേസിനെ 'നാണംകെട്ട കേസ്' എന്നു മണി വിശേഷിപ്പിച്ചത് 2022 മെയിലാണ്. ''ദിലീപ് നല്ല നടനായി ഉയര്‍ന്നുവന്നയാളാണ്. അങ്ങേര് ഇതിനകത്തെല്ലാം ചെന്നുപെട്ടത് എങ്ങനെയാണെന്ന് അറിയില്ല'' എന്നും പറഞ്ഞിരുന്നു.
വനിതാ പ്രിന്‍സിപ്പലിനെ അധിക്ഷേപിച്ച് പ്രസംഗം
ഇടുക്കി പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിന്‍സിപ്പലിനെ വ്യക്തിപരമായി അധിക്ഷേപിച്ചു പ്രസംഗിച്ചെന്ന് ആരോപണമുയര്‍ന്നത് 2016 ഫെബ്രുവരിയിലാണ്. അന്നത്തെ ഇടുക്കി എസ്ഐ കെ.വി ഗോപിനാഥനെ ഇതേ വേദിയില്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മണിയുള്‍പ്പെടെ 304 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ അന്ന് ഇടുക്കി പൊലീസ് കേസെടുത്തു.
എംഎല്‍എ കെ.കെ രമയ്ക്കെതിരെ വിവാദ പരാമര്‍ശം
എംഎല്‍എ കെ.കെ രമയ്ക്കെതിരെ എംഎം മണി നിയമസഭയില്‍ അധിക്ഷേപ പ്രസംഗം നടത്തി വിവാദം ഉണ്ടാക്കിയത് 2022 മെയ് പതിനാലിനാണ്. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമര്‍ശനം കെ.കെ രമ സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 'ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു എന്നും ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല'- എന്നും എംഎം മണി പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ അധിക്ഷേപം
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും മണി കടന്നാക്രമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്നും രണ്ട് ലക്ഷം പേരെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചെന്നുമായിരുന്നു നിയമസഭയില്‍ എം.എം മണി ആരോപണം ഉന്നയിച്ചത്. ടി.പി വധക്കേസ് അന്വേഷിക്കുന്ന കാലത്ത് തിരുവഞ്ചൂര്‍ ആയിരുന്നു ആഭ്യന്തരമന്ത്രി. ഇതു സംബന്ധിച്ചായിരുന്നു മണിയുടെ പരാമര്‍ശം. അതേസമയം സിപിഎം ഒരിക്കല്‍ പോലും മണിയുടെ പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.