തൃശൂരില്‍ കാട്ടാനയെ കൊന്ന് കൂഴിച്ചുമൂടിയ നിലയില്‍; പുറത്തെടുത്ത ജഡത്തില്‍ ഒരു കൊമ്പ് മാത്രം, സ്ഥലം ഉടമ ഒളിവില്‍

തൃശൂരില്‍ കാട്ടാനയെ കൊന്ന് കൂഴിച്ചുമൂടിയ നിലയില്‍; പുറത്തെടുത്ത ജഡത്തില്‍ ഒരു കൊമ്പ് മാത്രം, സ്ഥലം ഉടമ ഒളിവില്‍

തൃശൂര്‍: റബ്ബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയ് എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. റോയ് ഒളിവിലെന്ന് മച്ചാട് റേഞ്ച് ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ആനയെ കൊന്നതാണെങ്കില്‍ നിയമനടപടി ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു.

റോയിയുടെ പറമ്പില്‍ ആനയുടെ ജഡം കുഴിച്ചുമൂടി എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. ജെസിബി ഉപയോഗിച്ച് ജഡം പുറത്തെടുത്തു. അഴുകിയ നിലയിലാണ് ജഡം. ജഡത്തിന് രണ്ട് മാസത്തിലേറെ കാലപ്പഴക്കമുണ്ട്. എന്നാല്‍ ഒരു കൊമ്പ് മാത്രമാണ് കണ്ടെത്തിയത്. പെട്ടെന്ന് അഴുകാന്‍ രാസവസ്തുക്കള്‍ മറ്റും ഇട്ടിരുന്നോ എന്നതടക്കം പരിശോധിക്കും.

വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍ വന്ന് പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. കാട്ടാനയുടെ ജഡത്തിന്റെ കാലപഴക്കം പരിശോധിച്ച് വരികയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവസ്ഥലം വാഴാനി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ്. കാട്ടാനയുടെ സാന്നിധ്യം സ്ഥിരമായി ഉള്ള സ്ഥലമാണിത്. സംഭവം നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. സ്ഥലം ഉടമ അറിയാതെ പറമ്പില്‍ കാട്ടാനയുടെ ജഡം കുഴിച്ചുമൂടാന്‍ സാധിക്കുമോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് വനംവകുപ്പ്.

സംഭവത്തിന് പിന്നാലെ റോയ് ഒളിവിലാണ്. ആന സ്വാഭാവികമായി ചരിഞ്ഞതാണെങ്കില്‍ വനംവകുപ്പിനെ അറിയിക്കേണ്ടതുണ്ട്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച വനംമന്ത്രി, ആന ചരിഞ്ഞതാണെങ്കില്‍ സ്വാഭാവികമായി വനം വകുപ്പിനെ അറിയിക്കേണ്ടതല്ലെ എന്ന് ചോദിച്ചു. എന്നാല്‍ ഇത്തരത്തില്‍ വനംവകുപ്പിനെ ആരും അറിയിച്ചിട്ടില്ല. അറിയിക്കാതെ കുഴിച്ചുമൂടിയത് എന്തിനെന്നും സംശയമുണ്ട്. ഒരു കൊമ്പ് മാത്രമാണ് കണ്ടെത്തിയത്. പരിശോധന തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.