റബര്‍ തോട്ടത്തില്‍ കാട്ടാനയുടെ ജഡം: പ്രതികള്‍ ഗോവയിലേക്ക് കടന്നു; പിന്നില്‍ ആനക്കൊമ്പ് സംഘം

റബര്‍ തോട്ടത്തില്‍ കാട്ടാനയുടെ ജഡം: പ്രതികള്‍ ഗോവയിലേക്ക് കടന്നു; പിന്നില്‍ ആനക്കൊമ്പ് സംഘം

തൃശൂര്‍: ചേലക്കര വാഴക്കോട്ട് റബര്‍ തോട്ടത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിലെ പ്രധാന പ്രതി പാലാ സ്വദേശി മണിയഞ്ചിറ റോയി ഗോവയിലേക്ക് കടന്നതായി വനംവകുപ്പ് കണ്ടെത്തി. പ്രദേശത്തിനടുത്ത് കാട്ടാനകളില്‍ ഒന്നിനെ കാണ്മാനില്ല എന്ന് സേവ് ഔവര്‍ വൈല്‍ഡ്ലൈഫ് എന്ന എന്‍ജിഒയ്ക്ക് ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംഘടന വനംവകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെയാണ് വാഴക്കോട്ടെ റബര്‍ തോട്ടത്തില്‍ കാട്ടാനയുടെ ജഡം ഉണ്ടെന്ന് കണ്ടെത്തിയത്.

15 വയസില്‍ താഴെ പ്രായമുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടെത്തിയത്. ആന ചെരിയാന്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇതിനായി ഇനിയും കാത്തിരിക്കണമെന്ന് ഫോറസ്റ്റ് സര്‍ജന്‍ ഡോ.അശോക് വ്യക്തമാക്കി. ആനയുടെ ഒരു കൊമ്പ് മുറിച്ചു മാറ്റിയ നിലയിലാണ് ജഡം കണ്ടെത്തിയത്. ആനയെ കുഴിച്ചിടാന്‍ ജെസിബിയുമായെത്തിയ രണ്ട് പേര്‍ സംഭവത്തില്‍ പിടിയിലായിരുന്നു. പട്ടിമറ്റത്ത് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പിടിയിലായ നാല് പ്രതികളില്‍ ഒരാളായ അഖില്‍ മോഹനെ ചോദ്യം ചെയ്തപ്പോഴാണ് തൃശൂരില്‍ ആനയുടെ ജഡമുണ്ടെന്ന വിവരം ലഭിച്ചത്.

ആനയെ കൊന്നതാണോ ഷോക്കേറ്റതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കാട്ടാന ചെരിഞ്ഞാല്‍ അത് വനം വകുപ്പിനെ അറിയിക്കേണ്ടതാണ്. ഇവിടെ അതുണ്ടാകാതെ കുഴിച്ചുമൂടിയത് എന്തിനെന്ന സംശയമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. പ്രതികളെ തേടി വനംവകുപ്പ് സംഘം ഗോവയിലേക്ക് പോയിട്ടുണ്ട്. മച്ചാട് റേഞ്ച് ഓഫീസറാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. കുതിരാന്‍ തുരങ്കമുണ്ടായതോടെ ആനകളുടെ സഞ്ചാര പാതയായ പ്രദേശത്താണ് കാട്ടാനയുടെ ജഡം കണ്ടെത്തിയ തോട്ടമുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.