എഐ ഡീപ്പ് ഫേക്ക് പണത്തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

എഐ ഡീപ്പ് ഫേക്ക് പണത്തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

കോഴിക്കോട്: എഐ ഡീപ്പ് ഫേക്ക് പണത്തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നുവെന്ന് പൊലീസ് മുന്നറിയിയിപ്പ്. വ്യാജ വീഡിയോ കോള്‍ വഴിയാണ് തട്ടിപ്പ് നടത്തുന്നത്. പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള സാമ്പത്തിക അഭ്യര്‍ത്ഥന നിരസിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വേണം. വ്യാജ വീഡിയോ കോളുകള്‍ ലഭിച്ചാല്‍ ഉടന്‍ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

കോഴിക്കോട് സ്വദേശി രാധാകൃഷ്ണനില്‍ നിന്നാണ് കഴിഞ്ഞ ദിവസം 40,000 രൂപ തട്ടിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സുഹൃത്തിന്റെ മുഖം സൃഷ്ടിച്ച് വീഡിയോ കോള്‍ ചെയ്ത് പണം തട്ടുകയായിരുന്നു. ഗുജറാത്തില്‍ നിന്നുള്ള നമ്പറില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുമ്പ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് പറഞ്ഞാണ് സുഹൃത്തിന്റെ പേരില്‍ വീഡിയോ കോളിലെത്തി തട്ടിപ്പുകാരന്‍ പണം ആവശ്യപ്പെട്ടത്. ഈ മാസം ഒമ്പതിനാണ് രാധാകൃഷ്ണന് ഫോണ്‍ വിളി എത്തിയത്. കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ മുന്‍ ജീവനക്കാരനാണ് പിഎസ് രാധാകൃഷ്ണന്‍. നേരത്തെ നിരവധി തവണ ഫോണ്‍ കോള്‍ വന്നിരുന്നെങ്കിലും എടുത്തിരുന്നില്ല. എന്നാല്‍ കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്ന് പരിചയപ്പെടുത്തി ഫോട്ടോ സഹിതം വാട്സ് ആപ്പില്‍ സന്ദേശം അയച്ചു. പിന്നാലെ കോള്‍ ചെയ്യുകയും ചെയ്തതോടെയാണ് അറ്റന്റ് ചെയ്തത്.

പഴയ സുഹൃത്തുക്കളേക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള സുഖവിവരം ചോദിച്ച് സുഹൃത്ത് തന്നെയാണിതെന്ന് ഉറപ്പിച്ചു. പിന്നാലെ ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയക്കായി 40000 രൂപ അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ ദുബായിലാണെന്നും മുംബൈയില്‍ എത്തിയാല്‍ ഉടന്‍ പണം നല്‍കുമെന്നും പറഞ്ഞിരുന്നു. പണം അയച്ച ശേഷം വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെയാണ് രാധാകൃഷ്ണന് സംശയം തോന്നിയത്.

ഒടുവില്‍ സുഹൃത്തിന്റെ പഴയ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചപ്പോളാണ് അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് മനസിലായത്. മറ്റു സുഹൃത്തുക്കള്‍ക്കും ഇതേയാളുടെ പേരില്‍ പണം ആവശ്യപ്പെട്ട് സന്ദേശം വന്നിരുന്നതായി മനസിലായതോടെ രാധാകൃഷ്ണന്‍ സൈബര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
എഐ ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണിതെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.