ലണ്ടന്‍: ഇരുപത്തിനാലാം ഗ്ലാന്‍ഡ്സ്ലാം കിരീടവും എട്ടാം വിംബിള്‍ഡണ്‍ കിരീടവും ലക്ഷ്യമിട്ട് പുല്‍കോര്‍ട്ടില്‍ റാക്കറ്റുമായി ഇറങ്ങിയ നൊവാക് ജോക്കോവിച്ചിന് അടിതെറ്റി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കരാസ് വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടു. നിലവില്‍ ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരനായ ഈ ഇരുപതുകാരന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്. 1-6, 7-6, 6-1, 3-6, 6-4 എന്ന സ്‌കോറിലായിരുന്നു അല്‍കരാസിന്റെ കിരീട നേട്ടം.
തുടര്‍ച്ചയായി നാല് തവണ വിംബിള്‍ഡണ്‍ നേടിയതിന്റെ ആത്മവിശ്വാസവും അനുഭവപരിചയവുമെല്ലാം ടെന്നീസ് കോര്‍ട്ടിലെ രാജാവായ ജോക്കോവിച്ചിന്റെ മുഖത്തുണ്ടായിരുന്നു. ആദ്യ സെറ്റില്‍ താരം സൂചന നല്‍കുകയും ചെയ്തു. അല്‍ക്കറാസ് ചിത്രത്തിലെ ഉണ്ടായിരുന്നില്ല. രണ്ടാം സെറ്റില്‍ ടൈബ്രേക്കറില്‍ അല്‍ക്കറാസ് സെറ്റ് പിടിച്ചു.
മൂന്നാം സെറ്റിലും സ്പാനിഷ് താരത്തിന്റെ ആധിപത്യം. എന്നാല്‍ നാലാം സെറ്റില്‍ ജോക്കോവിച്ച് തിരിച്ചടിച്ചു. 3-6 ന് സെറ്റ് കൈപ്പിടിയില്‍ ഒതുക്കി. മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക്. തുടക്കത്തില്‍ തന്നെ ജോക്കോവിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്യാന്‍ അല്‍ക്കറാസിന് സാധിച്ചു. പിന്നീട് സമ്മര്‍ദത്തിന് അടിമപ്പെടാതെ അല്‍ക്കറാസ് ഗെയിം സ്വന്തമാക്കി.
ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ സെര്‍ബിയന്‍ താരത്തിനോടേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടി അല്‍ക്കറാസിന് സാധിച്ചു. മുപ്പത്തിയാറാം വയസില്‍ ജോകോവിച്ചിന്റെ മുപ്പത്തിയഞ്ചാം മേജര്‍ ഫൈനലായിരുന്നു ഇത്. ജയിച്ചിരുന്നെങ്കില്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ സെറിന വില്യംസിന്റെ 23 കിരീടങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു.
2008 ല്‍ റോജര്‍ ഫെഡററെ അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ പരാജയപ്പെടുത്തിയ ആദ്യ വിംബിള്‍ഡണ്‍ സ്വന്തമാക്കി റാഫേല്‍ നദാല്‍ എന്ന താരോദയത്തിന്റെ തുടക്കവും ഇങ്ങനെയായിരുന്നുവെന്നാണ് കാര്‍ലോസ്-ജോക്കോവിച്ച് പോരാട്ടത്തെ കുറിച്ച് ടെന്നീസ് പ്രേമികള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.