രോഗത്താല്‍ അകന്നവര്‍ ഹൃദയം കൊണ്ട് അടുക്കുക: ഫ്രാന്‍സീസ് മാര്‍പ്പാപ്പ

രോഗത്താല്‍ അകന്നവര്‍ ഹൃദയം കൊണ്ട് അടുക്കുക: ഫ്രാന്‍സീസ് മാര്‍പ്പാപ്പ

റോം: കോവിഡ് കാരണം അകന്നിരിക്കുന്നവര്‍ ഹൃദയം കൊണ്ട് അടുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനം. വിഷമകരമായ സമയങ്ങളില്‍ പ്രതീക്ഷയും ധൈര്യവും നല്‍കുന്ന ദൈവത്തില്‍ നിന്നുള്ള സമ്മാനമാണ് ക്രിസ്തുവിന്റെ തിരുപ്പിറവി. ദൈവ സ്‌നേഹം പൂര്‍ണമായും സൗജന്യവും കൃപയുമാണെന്നും മാര്‍പാപ്പ തന്റെ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് ചെറിയ രീതിയിലായിരുന്നു ക്രിസ്മസ് ആഘോഷ ചടങ്ങുകള്‍. കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ വത്തിക്കാനില്‍ 100 പേര്‍ മാത്രമാണ് പാതിരാ കൂര്‍ബാനയില്‍ പങ്കെടുത്തത്. സാധാരണ ആരംഭിക്കുന്നതിലും രണ്ട് മണിക്കൂര്‍ മുമ്പാണ് ഇക്കുറി പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചത്.

ഇറ്റലിയില്‍ അതിവേഗ കോവിഡിന്റെ ഭീഷണിയെ തുടര്‍ന്ന് പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് രാത്രിയില്‍ നേരത്തെ വീട്ടിലെത്തണമെന്നതിനാലാണ് ചടങ്ങുകള്‍ നേരത്തെയാക്കിയത്. ബേത്‌ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഇക്കുറി ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പതിവ് തിരക്കുണ്ടായില്ല.

സ്‌നേഹവും കാരുണ്യവും നിറഞ്ഞ പരസ്‌നേഹ പ്രവര്‍ത്തികളിലൂടെ മാത്രമേ സമൂഹത്തിലെ ഭിന്നതകളും കലഹങ്ങളും പരിഹരിക്കാന്‍ കഴിയൂവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. എങ്കില്‍ മാത്രമേ ക്രിസ്തുവിന്റെ ജനനം സമൂഹത്തിന് മോചനവും ആശ്വാസവും നല്‍കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്നലെ രാത്രി 12ന് ക്രൈസ്തവ ദേവാലയങ്ങളില്‍ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ക്രിസ്മസ് ശുശ്രൂഷകള്‍ നടന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും വീടുകളില്‍ നക്ഷത്ര വിളക്കുകള്‍ ഉയര്‍ത്തിയും പുല്‍ക്കൂടുകള്‍ നിര്‍മ്മിച്ചും ക്രിസ്മസ് കേക്കുകളും ആശംസകളും കൈമാറിയും വിശ്വാസികള്‍ ആഘോഷങ്ങളില്‍ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.