ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരം

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരം

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിമാനം ഉച്ചയ്ക്ക് ഒന്നിന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 2.20 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. സര്‍ക്കാരിനെ പ്രതിനീധികരിച്ച് മന്ത്രി വി. ശിവന്‍കുട്ടിയാണ് വിമാനത്താവളത്തിലെത്തിയത്.

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, എം.എം ഹസന്‍, കൊടിക്കുന്നല്‍ സുരേഷ്, വി.എസ് ശിവകുമാര്‍ തുടങ്ങി നിരവധി നേതാക്കളും അയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസിലാണ് മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് ജഗതിയിലെ പുതുപ്പള്ളി വസതിയില്‍ എത്തിച്ചത്. ഇവിടെ പൊതുദര്‍ശനത്തിനു ശേഷം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകുന്നേരം പാളയം സെന്റ് ജോര്‍ജ് കത്തീഡ്രലിലും പൊതുദര്‍ശനത്തിന് വയ്ക്കും. ആറുമണിക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവരെല്ലാം ദര്‍ബാര്‍ഹാളില്‍ മുന്‍മുഖ്യമന്ത്രിക്ക് അന്തിമോപചാരം അര്‍പ്പിക്കും. അദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ പോയിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പൊതുദര്‍ശനം ഉണ്ടാകും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും.

ബുധനാഴ്ച രാവിലെ വിലാപ യാത്രയായി തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കോട്ടയത്തേക്ക് കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍.

ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കാനായി വന്‍ ജനാവലി ബംഗളൂരുവിലെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളും ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഭൗതിക ശരീരവും വഹിച്ചുകൊണ്ടു വന്ന വിമാനത്തില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബംഗളൂരുവിലെ ആശുപത്രിയിലെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.