ജോസ്‌വിൻ കാട്ടൂർ
വത്തിക്കാന്‍ സിറ്റി: ലോക യുവജന ദിനത്തെ ഉത്സാഹത്തോടെ വരവേറ്റുകൊണ്ട്, ഒരു മനസോടെ, സുവിശേഷത്തിന്റെ ആനന്ദത്തിന് സാക്ഷ്യമേകാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. അര്‍ജന്റീനയിലെ കൊര്‍ദോബ അതിരൂപതയില്‍ നിന്നുള്ള യുവജനങ്ങളുടെ പ്രതിനിധി സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. 'നാം ഒരു ടീമാണ്, ക്രിസ്തുവാണ് അതിന്റെ നായകനും പരിശീലകനും. അവന്‍ തരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നേറിയാല്‍ വിജയം ഉറപ്പാണ്' എന്നിങ്ങനെ യുവജനങ്ങളുടെ ഭാഷയില്‍ തന്നെ പാപ്പാ അവരോടു സംസാരിച്ചു.
ഈ ദിവസങ്ങളില്‍ പോര്‍ച്ചുഗലിലെ ലിസ്ബണിയിലേക്ക് പുറപ്പെടാന്‍ തയാറെടുക്കുന്ന ലക്ഷക്കണക്കിന് യുവജനങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, എലിസബത്തിന്റെ ഭവനത്തിലേക്ക് തിടുക്കത്തില്‍ യാത്ര പുറപ്പെട്ട യുവതിയായ മറിയത്തിന്റെ മാതൃകയാണ് തന്റെ മനസിലേക്ക് ഓടിയെത്തുന്നതെന്ന് പാപ്പാ പറഞ്ഞു. മറിയത്തെപ്പോലെ, സ്വന്തം താല്‍പര്യങ്ങള്‍ മാറ്റിവച്ച് മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണമെന്നും അതോടൊപ്പം ആരെയും അവഗണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പരിശുദ്ധ പിതാവ് അവരെ ഓര്‍മ്മിപ്പിച്ചു.
നാമെല്ലാവരും വിജയികള്‍
ലോക യുവജന സമ്മേളനത്തെ ഒരു ലോകകപ്പ് മത്സരത്തോട് താരതമ്യം ചെയ്താണ് പാപ്പാ സംസാരിച്ചത്. പക്ഷെ, ലോകകപ്പില്‍ നിന്ന് വിഭിന്നമായി നമ്മുടെ സമ്മേളനം ഒരു സൗഹൃദ മത്സരം പോലെയാണെന്ന് പാപ്പാ പറഞ്ഞു. ഇവിടെ ആരും പരാജയപ്പെടുന്നില്ല, മറിച്ച് നാമെല്ലാവരും വിജയികള്‍ ആണ്. നാം നമ്മില്‍നിന്ന് തന്നെ പുറത്തുകടന്ന്, നമുക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും തുറവിയോടെ അവരില്‍ നിന്ന് സ്വീകരിക്കുകയും ചെയ്യണം. എന്നാല്‍ മാത്രമാണ് എല്ലാവര്‍ക്കും വിജയികളാകാനും സാഹോദര്യത്തിന്റെ കപ്പ് ഉയര്‍ത്താനും സാധിക്കുക - പാപ്പാ അവരോടു വിശദീകരിച്ചു.
ക്രിസ്തുവിന്റെ ടീമിലാണ് നാം കളിക്കുന്നത്. അതിനാല്‍ ജാഗ്രതയോടെ ഒരു ടീമായി, നാം മുന്നേറണം. അതോടൊപ്പം യേശുവിനെ അവസാനം വരെ പിന്‍തുടര്‍ന്നവരുടെ കാലടികള്‍ നമ്മുടെ മനസില്‍ എപ്പോഴും സൂക്ഷിക്കണം. കാരണം, ഇത് അവസാന നിമിഷം വരെ തുടരേണ്ട കളിയാണ് - പാപ്പാ അവരെ ഓര്‍മ്മപ്പെടുത്തി.
ഒരുമയുടെ ഉത്സവം
വൈവിധ്യങ്ങളുടെ ആഘോഷമായ യുവജന സമ്മേളനത്തിലുടനീളം ആവേശം കെടാതെ, സ്വയം മറന്ന് പങ്കെടുക്കാന്‍ പാപ്പാ അവര്‍ക്ക് പ്രചോദനം നല്‍കി. അവിടെ നാം കണ്ടുമുട്ടാന്‍ പോകുന്നത് വ്യത്യസ്ത മുഖങ്ങളും സംസ്‌കാരങ്ങളും അനുഭവങ്ങളുമാണ്. എല്ലാറ്റിലുമുപരി, നമ്മള്‍ ഒന്നായിരിക്കണമെന്നുള്ള യേശുവിന്റെ ഹൃദയത്തിന്റെ തീവ്രമായ ആഗ്രഹം നമുക്ക് അവിടെ പൂര്‍ത്തീകരിക്കാം. അങ്ങനെ നമ്മുടെ വിശ്വാസം ലോകത്തിനു മുമ്പില്‍ പ്രകാശിപ്പിക്കാം. ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താതെ വലയുന്നവരും ജീവിതം വഴിമുട്ടിയവരുമായ മറ്റനേകം യുവതീ യുവാക്കന്മാര്‍ക്കു മുമ്പില്‍ സുവിശേഷത്തിന്റെ ആനന്ദത്തിന് സാക്ഷികളായിത്തീരാം - പാപ്പാ കൂട്ടിച്ചേര്‍ത്തു. അവരെ ആശീര്‍വദിക്കുകയും അവരുടെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുകയും ലിസ്ബണില്‍ കാണാം എന്ന് ആശംസിക്കുകയും ചെയ്തുകൊണ്ടാണ് അവരുമായുള്ള കൂടിക്കാഴ്ച പാപ്പാ അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26