വിലമതിച്ചില്ലെങ്കിലും നിരാശരാകാതെ കുഞ്ഞുങ്ങളില്‍ വിശ്വാസത്തിന്റെ വിത്തു വിതയ്ക്കാം; മാതാപിതാക്കളോട് ഫ്രാന്‍സിസ് പാപ്പ

വിലമതിച്ചില്ലെങ്കിലും നിരാശരാകാതെ കുഞ്ഞുങ്ങളില്‍ വിശ്വാസത്തിന്റെ  വിത്തു വിതയ്ക്കാം; മാതാപിതാക്കളോട് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: മാതാപിതാക്കള്‍ കുട്ടികളില്‍ നന്മയും വിശ്വാസവും വിതയ്ക്കണമെന്നും കുട്ടികള്‍ ആ പ്രബോധനങ്ങള്‍ വിലമതിച്ചില്ലെങ്കിലും നിരാശരായി പിന്മാറരുതെന്നും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. നല്ല വിത്ത് നിലത്ത് അവശേഷിക്കുമെന്നും തക്കസമയത്ത് അവ വേരുപിടിക്കുമെന്നും മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിച്ചു. ഞായറാഴ്ച്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.

ദിവ്യബലി മദ്ധ്യേ വായിച്ച മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം, 1-23 വാക്യങ്ങളായിരുന്നു പാപ്പ വിശദീകരിച്ചത്. താന്‍ ഉപമകളിലൂടെ സംസാരിക്കുന്നതിന്റെ കാരണവും വിതക്കാരന്റെ ഉപമയുടെ പൊരുളും യേശു വിശദീകരിക്കുന്ന ഭാഗമായിരുന്നു അത്.

വിതയ്ക്കല്‍ എന്ന മനോഹരമായ പ്രതീകത്തിലേക്കാണ് മാര്‍പ്പാപ്പ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിച്ചത്. വചനം നമ്മുടെ ഹൃദയങ്ങളില്‍ വിതയ്ക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുന്നതിന് യേശു ഈ ഉപമ ഉപയോഗിക്കുന്നു. ഒരു വിത്ത് കാണാന്‍ പോലും കഴിയാത്തത്ര ചെറുതാണെങ്കിലും അത് ഫലം കായ്ക്കുന്ന ചെടിയായി വളരുന്നു. ദൈവവചനവും ഇങ്ങനെയാണ്. വചനം വിത്താണെങ്കില്‍, നാം നിലമാണ്. വിത്തായ വചനം നമുക്ക് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. എങ്കിലും 'നല്ല വിതക്കാരന്‍' ആയ യേശു വിത്ത് ഉദാരമായി വിതയ്ക്കുന്നതില്‍ ഒരിക്കലും മടുക്കുന്നില്ല. നമ്മുടെ ഹൃദയമാകുന്ന നിലത്തിലെ അസ്ഥിരതയുടെ കല്ലുകളും വചനത്തെ ഞെരുക്കാന്‍ കഴിയുന്ന ദുര്‍ഗുണങ്ങളുടെ മുള്ളുകളും അവിടുന്ന് തിരിച്ചറിയുന്നു, എന്നിട്ടും നമുക്ക് സമൃദ്ധമായി ഫലം പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് അവിടുന്ന് പ്രത്യാശ പുലര്‍ത്തുന്നു.

നമ്മളും അങ്ങനെ ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. വചനം അക്ഷീണം വിതയ്ക്കാന്‍ മാര്‍പ്പാപ്പ വിശ്വാസികളെ പ്രേരിപ്പിക്കുന്നു.

ലോകത്തിന്റെ പ്രവണതകള്‍ക്ക് വഴങ്ങാതെ കുട്ടികളില്‍ നന്മയും വിശ്വാസവും വിതയ്ക്കുന്നത് തുടരണമെന്നും വിതക്കാരന്റെ ഉപമയെ വിശദീകരിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ മാര്‍പ്പാപ്പ മാതാപിതാക്കളോട് ആഹ്വാനം ചെയ്തു. വചനം വിത്താണെങ്കില്‍ നമ്മള്‍ മണ്ണാണെന്നും നമ്മള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ക്രിസ്തു ഉദാരമായി വിതയ്ക്കുന്ന ഒരു വിതക്കാരനാണെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി.

മാതാപിതാക്കളെയും യുവജനങ്ങളെയും പുരോഹിതന്മാരെയും മതവിശ്വാസികളെയും സുവിശേഷത്തിന്റെ വിതക്കാരെന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മാര്‍പ്പാപ്പ സംസാരിച്ചത്. പരിഷ്‌കൃത ജീവിത രീതികളിലും മൊബൈല്‍ ഫോണുകളിലും അടിമപ്പെട്ട് മക്കള്‍ക്കായി സമയം നീക്കീവയ്ക്കാതെ, അവരെ പഠിപ്പിക്കാതെ നിങ്ങള്‍ അവരെ ഉപേക്ഷിച്ചാല്‍ കുഞ്ഞുങ്ങളാകുന്ന ഫലഭൂയിഷ്ഠമായ മണ്ണ് കളകളാല്‍ നിറയുമെന്ന് മാര്‍പ്പാപ്പാ മാതാപിതാക്കളെ ഓര്‍മ്മപ്പെടുത്തി.

വചനം പ്രഘോഷിക്കുമ്പോള്‍ പെട്ടെന്നുള്ള വിജയം കണ്ടില്ലെങ്കില്‍ നിരാശപ്പെടരുതെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

അനുദിന ജീവിതത്തില്‍ നാം മറ്റുള്ളവരിലേക്കു സുവിശേഷം വിതയ്ക്കണമെന്നും എല്ലാം ക്രിസ്തുവിനെ ഭരമേല്‍പിക്കണമെന്നും യുവാക്കളെ ഉദ്ബോധിപ്പിച്ച പാപ്പാ, വചനം പ്രഘോഷിക്കുമ്പോള്‍ ഒന്നും സംഭവിക്കുന്നില്ല എന്നു തോന്നുന്നിടത്തുപോലും പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചുകൊള്ളുമെന്നും നമ്മുടെ പരിശ്രമങ്ങളിലൂടെ നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറമായി ദൈവരാജ്യം വളരുമെന്നും അതൊരിക്കലും മറക്കരുതെന്നും പുരോഹിതരോടും വിശ്വാസികളോടുമായി മാര്‍പ്പാപ്പ പറഞ്ഞു.

മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.