ബംഗളൂരു: സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത അഞ്ച് ഭീകരരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ബംഗളൂരു പൊലീസ്. സൈദ് സുഹേല്‍, ഉമര്‍, ജാനിദ്, മുദസിര്‍, സാഹിദ് എന്നിവരാണ് അറസ്റ്റിലായവര്‍. ഇവര്‍ എല്ലാവരും 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതികള്‍ ബംഗളൂരുവില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയ അന്വേഷണ സംഘം ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. നാല് വാക്കി-ടോക്കികള്‍, ഏഴ് പിസ്റ്റലുകള്‍, 42 ബുള്ളറ്റുകള്‍, രണ്ട് കത്തികള്‍, രണ്ട് സാറ്റലൈറ്റ് ഫോണുകള്‍, നാല് ഗ്രനേഡുകള്‍ തുടങ്ങിയവ അഞ്ച് പേരില്‍ നിന്നായി അന്വേഷണ സംഘം കണ്ടെടുത്തു. ബംഗളൂരു പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അഞ്ച് പേരും 2017 ല്‍ നടന്ന കൊലപാതകക്കേസിലെ പ്രതികളാണ്. ഇവരെ കൂടാതെ മറ്റ് 16 പേരും കൊലക്കേസില്‍ പ്രതികളായിരുന്നു. തുടര്‍ന്ന് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ഇവര്‍ 18 മാസം തടവില്‍ കഴിഞ്ഞിരുന്നു. ഇതിനിടെയാണ് 2008 ലെ സ്ഫോടന കേസ് പ്രതിയായിരുന്ന ടി. നസീറുമായി യുവാക്കള്‍ പരിചയത്തിലാകുന്നത്. ഭീകര പ്രവര്‍ത്തനത്തിലേക്ക് യുവാക്കളെ ആകര്‍ഷിച്ചത് നസീറായിരുന്നുവെന്നാണ് വിവരം. ഇതിനായി വിദേശത്തുള്ള ചിലരുമായി ബന്ധപ്പെടാന്‍ പ്രതികള്‍ക്ക് അവസരമൊരുക്കി നല്‍കിയതും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ആയുധങ്ങളും സ്ഫോടക വസ്തുക്കളും എത്തിക്കാന്‍ സഹായിച്ചതും നസീറായിരുന്നു.
ബംഗളൂരുവില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകര സംഘത്തിലെ മുഖ്യസൂത്രധാരന്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേര്‍ അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ ഇയാള്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തി സ്ഫോടക വസ്തുക്കള്‍ പ്രതികള്‍ക്ക് എത്തിച്ചു നല്‍കിയത് ഇയാളാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നിലവില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.