ഉമ്മന്‍ ചാണ്ടിയുടെ നിഘണ്ടുവില്‍ വിശ്രമമെന്ന പദമില്ല; ഓടി നടന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നേതാവെന്ന് പിണറായി വിജയന്‍

ഉമ്മന്‍ ചാണ്ടിയുടെ നിഘണ്ടുവില്‍ വിശ്രമമെന്ന പദമില്ല; ഓടി നടന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നേതാവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അതി കഠിനമായ രോഗാവസ്ഥയിലും കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. കെപിസിസി സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും ഉമ്മന്‍ ചാണ്ടിയുടെ വിയോഗം വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. അത് എളുപ്പത്തില്‍ നികത്താനാവില്ല. വിദ്യാര്‍ത്ഥി ജീവിത കാലം തൊട്ട് സജീവ രാഷ്ട്രീയ രംഗത്തുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ മികച്ച സംഘാടകനും നേതാവുമായിരുന്നു. 70 ലാണ് ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പ്രവര്‍ത്തനം തുടങ്ങിയത്.

അന്ന് തൊട്ട് ഇന്ന് വരെ 53 വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി ആ പ്രവര്‍ത്തനം ഭംഗിയായി നിറവേറ്റി. ഇതിന്റെ ഭാഗമായി ഒട്ടേറെ വകുപ്പുകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനും അദേഹത്തിന് കഴിഞ്ഞു. വിപുലമായ അനുഭവ പരിജ്ഞാനം രണ്ടു തവണ മുഖ്യമന്ത്രിയായ ഘട്ടത്തില്‍ അദേഹത്തിന് ശക്തി പകര്‍ന്നുവെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃശേഷിയുടെ പ്രത്യേകതയായിരുന്നു. ഒടുവില്‍ രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും ആ രോഗത്തിന് മുന്നില്‍ ഒരു ഘട്ടത്തിലും അദേഹം പതറിയിരുന്നില്ല.

രോഗാവസ്ഥയില്‍ ഒരു പരിപാടിയില്‍ വച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ നേരത്തെ കണ്ടതിനെക്കാള്‍ പ്രസരിപ്പും ഉന്‍മേഷവും വീണ്ടെടുത്തിരുന്നു. പരിപാടിക്കിടെ ഒരു സ്വകാര്യ സംഭാഷണത്തില്‍ ചികിത്സിച്ച ഡോക്ടറുടെ പേര് പറഞ്ഞു. അതുകഴിഞ്ഞ് താന്‍ ആ ഡോക്ടറെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞത്് വിശ്രമം വേണമെന്നായിരുന്നു.

എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നിഘണ്ടുവില്‍ വിശ്രമമെന്നൊരു പദമില്ലെന്ന് നമുക്കറിയാം. ഉമ്മന്‍ചാണ്ടിയുടെ വിയോഗം വലിയ നഷ്ടമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും ഉണ്ടാക്കിയത്. അത് എളുപ്പം നികത്താനാവുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.