അമേരിക്കയിലേക്ക് ചീസ് റോളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; കസ്റ്റംസ് പിടികൂടിയത് 18 പൗണ്ട് കൊക്കെയ്ന്‍

അമേരിക്കയിലേക്ക് ചീസ് റോളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; കസ്റ്റംസ് പിടികൂടിയത് 18 പൗണ്ട് കൊക്കെയ്ന്‍

ടെക്സാസ്: മെക്‌സിക്കോയില്‍ നിന്ന് ടെക്‌സാസിലേക്കു കടത്തിയ മയക്കുമരുന്ന് (കൊക്കെയ്ന്‍) ഒളിപ്പിച്ച ചീസ് റോളുകള്‍ അതിര്‍ത്തിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ടെക്‌സാസിലെ പ്രെസിഡിയോ പോര്‍ട്ട് ഓഫ് എന്‍ട്രിയിലേക്കെത്തിയ ട്രക്കില്‍ നിന്നാണ് 17.8 പൗണ്ട് മയക്കുമരുന്ന് അടങ്ങിയ ചീസ് കണ്ടെടുത്തത്.

നാല് വലിയ റോള്‍ ചീസിനുള്ളിലാണ് കൊക്കെയ്ന്‍ ഒളിപ്പിച്ചിരുന്നത്. ചീസ് റോളിന്റെ എക്‌സ്‌റേ സ്‌കാന്‍ പരിശോധനയില്‍ അസ്വാഭാവികത കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തി. തുടര്‍ന്നാണ് 17.8 പൗണ്ട് കൊക്കെയ്ന്‍ ഒളിപ്പിച്ചതായി കണ്ടെത്തിയെന്ന് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മയക്കുമരുന്നും ട്രക്കും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അമേരിക്കന്‍ പൗരനായ 22 കാരനായ ഡ്രൈവറും അറസ്റ്റിലായി. നിത്യോപയോഗ സാധനങ്ങള്‍, കാര്‍ ബാറ്ററികള്‍, ഗ്യാസ് ടാങ്കുകള്‍, ഡ്രോണുകള്‍ എന്നിവയും മറ്റ് സാധനങ്ങളും അമേരിക്കയിലേക്ക് മയക്കുമരുന്ന് കൊണ്ടുവരാന്‍ കള്ളക്കടത്തുകാര്‍ ഉപയോഗിക്കാറുണ്ടെന്ന് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പറയുന്നു.

എല്‍ പാസോയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം ഐസ്‌ക്രീം മേക്കറിനുള്ളില്‍ ഒളിപ്പിച്ച 146 പൗണ്ട് കൊക്കെയ്ന്‍ പിടിച്ചെടുത്തിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയിലെ ജോണ്‍ എഫ് കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ നവംബറില്‍ ഒരു സ്ത്രീയുടെ വീല്‍ചെയറിന്റെ ചക്രങ്ങള്‍ക്കുള്ളില്‍ നിന്ന് 450,000 ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ കണ്ടെത്തി. കഴിഞ്ഞ മെയ് മുതല്‍ ജൂണ്‍ വരെയുള്ള കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കണക്ക് അനുസരിച്ച് കൊക്കെയ്ന്‍, മെത്താംഫെറ്റാമൈന്‍, ഹെറോയിന്‍, ഫെന്റനൈല്‍, മരിജുവാന എന്നിവ പിടിച്ചെടുക്കുന്നത് ഏഴു ശതമാനം വര്‍ദ്ധിച്ചു.

ജൂണില്‍ ആരംഭിച്ച പുതിയ ഓപ്പറേഷനില്‍, 1,500 പൗണ്ടിലധികം ഫെന്റനൈലും 23,000 പൗണ്ടിലധികം കൊക്കെയ്ന്‍, മെത്താംഫെറ്റാമൈന്‍സ്, ഹെറോയിന്‍ തുടങ്ങിയ മയക്കുമരുന്നുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി ഏജന്‍സി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.