'പോപ്കാസ്റ്റ് ': യുവജനങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പോഡ്കാസ്റ്റ്

'പോപ്കാസ്റ്റ് ': യുവജനങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പോഡ്കാസ്റ്റ്

വത്തിക്കാന്‍ സിറ്റി: യുവജനങ്ങളുമായി ഫലപ്രദമായി ആശയവിനിമയം നടത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ, ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ പോഡ്കാസ്റ്റ് പുറത്തുവിടാനൊരുങ്ങി വത്തിക്കാന്‍ മീഡിയ. 'പോപ്കാസ്റ്റ്' എന്ന് അറിയപ്പെടുന്ന ഈ പോഡ്കാസ്റ്റിലൂടെ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് പാപ്പാ ഉത്തരം നല്‍കുകയും പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കാനിരിക്കുന്ന ലോക യുവജന ദിനത്തില്‍ പങ്കെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍, വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് തങ്ങളുടെ ആശങ്കളും വെല്ലുവിളികളും പ്രതീക്ഷകളും മാര്‍പ്പാപ്പയുടെ മുമ്പില്‍ അവതരിപ്പിച്ചത്. പുതിയ തലമുറയുടെ സര്‍ഗാത്മകതയെയും അതോടൊപ്പം ദൗര്‍ബല്യങ്ങളെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ ചോദ്യങ്ങള്‍. അവ ഓരോന്നും ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച പാപ്പാ, ഓരോരുത്തര്‍ക്കും വ്യക്തിപരമായ വിധത്തില്‍ മറുപടി നല്‍കുകയും ചെയ്തു. കുറവുകളും വീഴ്ചകളും ഉണ്ടായേക്കാമെന്നും എന്നാല്‍, അവയില്‍ മനസു മടുക്കാതെ സ്ഥിരോത്സാഹത്തോടെ മുന്നേറണം എന്നുള്ള നിര്‍ദേശവും പാപ്പാ അവര്‍ക്കു നല്‍കി.

ദൈവത്തിന്റെ അളവില്ലാത്ത സ്‌നേഹം എപ്പോഴും നമ്മെ അനുയാത്ര ചെയ്യുന്നുണ്ടെന്നും അതിനാല്‍ അവിടുത്തെ പരിപാലനയില്‍ എപ്പോഴും ആശ്രയിക്കണമെന്നും പാപ്പാ അവരെ ഓര്‍മ്മിപ്പിച്ചു.

ഈ കഴിഞ്ഞ മാര്‍ച്ചില്‍, ഫ്രാന്‍സിസ് പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ്, ഇത്തരത്തില്‍ ഒരു പോഡ്കാസ്റ്റ് വത്തിക്കാന്‍ മീഡിയ ആദ്യമായി പുറത്തുവിട്ടത്. ലോക യുവജന സംഗമം അടുത്തു വരുന്ന ഈ അവസരത്തില്‍ പുതിയ തലമുറയ്ക്ക് കൂടുതല്‍ അഭിലഷണീയമായ സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചു കൊണ്ട് അവരോട് ആശയവിനിമയം നടത്താനാണ് രണ്ടാമത്തെ ഈ പോഡ്കാസ്റ്റ് വത്തിക്കാന്‍ മാധ്യമ വിഭാഗം തയ്യാറാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26