ചൈനയില്‍ നിര്‍മിച്ച കുഞ്ഞുങ്ങള്‍ക്കുള്ള കപ്പുകളില്‍ അപകടകരമായ അളവില്‍ ലെഡ്; മൂന്നരലക്ഷം കപ്പുകള്‍ തിരിച്ചുവിളിച്ച് അമേരിക്ക

ചൈനയില്‍ നിര്‍മിച്ച കുഞ്ഞുങ്ങള്‍ക്കുള്ള കപ്പുകളില്‍ അപകടകരമായ അളവില്‍ ലെഡ്; മൂന്നരലക്ഷം കപ്പുകള്‍ തിരിച്ചുവിളിച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: ചൈനയില്‍ നിര്‍മിച്ച് ഓണ്‍ലൈനായി വിറ്റഴിച്ച കുഞ്ഞുങ്ങള്‍ക്കുള്ള കപ്പുകളില്‍ അപകടകരമായ അളവില്‍ ലെഡിന്റെ അംശമെന്ന് യു.എസ്. കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മിഷന്‍. ഇതേതുടര്‍ന്ന് ആമസോണിലൂടെ അമേരിക്കയിലുടനീളം വിറ്റഴിച്ച 346,000 കപ്പുകള്‍ നിര്‍മാണ കമ്പനി കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചു. കപ്പുകള്‍ വാങ്ങിയ ഉപഭോക്താക്കള്‍ അവയുടെ ഉപയോഗം ഉടനടി നിര്‍ത്തണമെന്നും കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി.

ചൈനയില്‍ നിര്‍മിക്കുന്ന, കപ്പ്കിന്‍ എന്ന ബ്രാന്‍ഡ് നാമത്തിലുള്ള ഡബിള്‍-വാള്‍ഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കപ്പുകളാണ് തിരിച്ചുവിളിച്ചത്. ഈ കപ്പുകളില്‍ ഉയര്‍ന്ന അളവില്‍ ലെഡ് അടങ്ങിയതിനാല്‍ അവ ഉപയോഗിക്കുന്ന കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി. കൊച്ചുകുട്ടികളില്‍ മസ്തിഷ്‌കത്തിന്റെയും നാഡീവ്യവസ്ഥയുടെയും വികാസം തടസപ്പെടാന്‍ ഇതിടയാക്കും. ഇന്ത്യയില്‍ ഉള്‍പ്പെടെ ഇവ വിറ്റഴിക്കപ്പെടുന്നുണ്ട്.

2018 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെ ആമസോണിലും കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും വിറ്റഴിച്ച കപ്പുകളാണ് തിരിച്ചുവിളിച്ചത്. കപ്പ്കിന്‍ കപ്പിന്റെ വില തിരിച്ചുലഭിക്കാന്‍ ഉപഭോക്താക്കള്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത സൂജിമസ് കമ്പനിയെ ബന്ധപ്പെടണമെന്ന് യു.എസ്. കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മിഷന്‍ അറിയിച്ചു. കമ്പനിയുടെ വെബ്‌സൈറ്റില്‍ ഈ ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

12 നിറങ്ങളില്‍ ലഭ്യമാകുന്ന കപ്പും സ്‌ട്രോയും ഉള്‍പ്പെടെ ഒരു ജോഡിയായാണ് ആമസോണില്‍ വില്‍ക്കുന്നത്. ഏകദേശം 20 ഡോളറാണ് വില. അതേസമയം ഇവയുടെ ഉപയോഗം മൂലം കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലെഡിന്റെ അംശം ശരീരത്തിലെത്തിയാല്‍ തലച്ചോറിന്റെ വികാസത്തെ ബാധിക്കുകയും ഐക്യു കുറയുന്നതിന് കാരണമാവുകയും ചെയ്യുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് കൊച്ചുകുട്ടികളെയും ഗര്‍ഭിണികളെയുമാണ് ഗുരുതരമായി ബാധിക്കുക.

അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ ഏകദേശം 2.5 ശതമാനവും അപകടകരമായ അളവില്‍ ലെഡ് ബാധിതരാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തല്‍ഫലമായി, അവരുടെ ബുദ്ധി വളര്‍ച്ച, പഠനം, കേള്‍വി, സംസാരം എന്നിവ മന്ദഗതിയിലായേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.