ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതിന് പിന്നാലെ വൈറലായി 2019-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗം. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മോഡി നേരത്തെ പ്രവചിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ പ്രസംഗത്തിന്റെ വീഡിയോ ബിജെപി അനുഭാവികളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
2019 ഫെബ്രുവരി ഏഴിന് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രവചനം നടത്തിയതെന്നാണ് അവകാശ വാദം. 2023 ല്‍ വീണ്ടും അവിശ്വാസം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനും വളരെയധികം തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും എന്റെ ആശംസകള്‍' എന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018-ല്‍ പ്രതിപക്ഷം കൊണ്ടു വന്ന ഒരു അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്.
2018 ല്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു ഇത്. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അടക്കമുള്ള ബിജെപി നേതാക്കള്‍ പ്രധാനമന്ത്രി 2019-ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം 'പ്രവചനം' എന്ന അടിക്കുറിപ്പോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
മണിപ്പുര്‍ വിഷയത്തില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. പുതിയ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയിലെ പാര്‍ട്ടികളുടെ എല്ലാവരുടേയും പിന്തുണ ഇതിനുണ്ട്. സമാനമായ ഒരു അവിശ്വാസ പ്രമേയ നോട്ടീസ് ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസും നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമല്ല ബി.ആര്‍എസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.