അവസാന ഘട്ടത്തിലെത്തിയ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു; ഭരണഘടനാ പ്രകാരമല്ല തിരഞ്ഞെടുപ്പെന്ന് നിരീക്ഷണം

അവസാന ഘട്ടത്തിലെത്തിയ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു; ഭരണഘടനാ പ്രകാരമല്ല തിരഞ്ഞെടുപ്പെന്ന് നിരീക്ഷണം

കോഴിക്കോട്: അവസാന ഘട്ടത്തിലെത്തിയ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പുകളാണ് സ്റ്റേ ചെയ്തത്. 

കോഴിക്കോട് കിണാശേരി സ്വദേശി ഷഹബാസിന്റെ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഭരണഘടനാ പ്രകാരമല്ല യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടത്തുന്നത് എന്നതായിരുന്നു പരാതി. തിരഞ്ഞെടുപ്പ് താൽക്കാലികമായി സ്റ്റേ ചെയ്ത കോടതി അടുത്ത മാസം അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. 

എ, ഐ ഗ്രൂപ്പുകളാണ് യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എ ഗ്രൂപ്പിലെ രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിലെ അബിൻ വർക്കിയുമാണ് ഏറ്റുമുട്ടുന്നത്. ‘വിത്ത് ഐവൈസി’ എന്ന മൊബൈൽ ആപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആപ് ‍ഡൗൺലോഡ് ചെയ്തതിനു ശേഷം 50 രൂപയടച്ച് അംഗത്വമെടുക്കണം. 

തുടർന്ന് വോട്ട് ചെയ്യാനുള്ള ക്രമീകരണമാണുള്ളത്. സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളെ ഒരുമിച്ച് തിരഞ്ഞെടുക്കുന്ന രീതിയാണ്. ജൂൺ 28 ന് ആരംഭിച്ച വോട്ടെടുപ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. 

ഞായറാഴ്ച വീണ്ടും ആരംഭിച്ച് ഓഗസ്റ്റ് 11ന് വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരിച്ചത്. വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കെയാണ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.