ന്യൂഡല്‍ഹി: എസ്.കെ മിശ്രയ്ക്ക് ഇഡി ഡയറക്ടറായി തുടരാം. സെപ്റ്റംബര്‍ 15 വരെ കാലാവധി നീട്ടി സുപ്രീം കോടതി. അതേസമയം ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാന്‍ ഇനി അപേക്ഷ നല്‍കേണ്ടതില്ലെന്നും ഭാവിയില്‍ ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാനുള്ള ഒരു ഹര്‍ജിയിലും ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇഡി ഡയറക്ടര്‍ എസ്.കെ മിശ്രയുടെ കാലാവധി ജൂലൈ 31 ന് അവസാനിക്കും.
ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, വിക്രംനാഥ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മിശ്രയുടെ കാലാവധി നീട്ടിയത്. പൊതു-ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇഡി ഡയറക്ടറുടെ കാലാവധി നീട്ടണമെന്ന കേന്ദ്രത്തിന്റെ അഭ്യര്‍ഥനയില്‍ വകുപ്പ് മുഴുവനും കഴിവുകെട്ട ഉദ്യോഗസ്ഥരാണോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് അവലോകനംകണക്കിലെടുത്ത് എസ്.കെ മിശ്രയുടെ സാന്നിധ്യം ആവശ്യമാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
എഫ്എടിഎഫ് അവലോകന സമയത്ത് മിശ്രയുടെ അഭാവം ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രം പറഞ്ഞു. ഈ മാസം പതിനൊന്നിനാണ് മിശ്രയ്ക്ക് ചട്ടവിരുദ്ധമായി നല്‍കിയ കാലാവധി നീട്ടി നല്‍കല്‍ ജസ്റ്റിസ് ഭൂഷണ്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്. 31നകം പുതിയ ഡയറക്ടറെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കുന്നതിന് പകരം മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടിനല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു.
2018 നവംബറില്‍ രണ്ട് വര്‍ഷത്തേക്കാണ് എസ്.കെ മിശ്രയെ ഇഡി ഡയറക്ടറായി ആദ്യം നിയമിച്ചത്. 2020 മെയില്‍ കാലാവധി പൂര്‍ത്തിയായി. 2020 നവംബറില്‍ അദ്ദേഹത്തിന് വിരമിക്കല്‍ പ്രായമായി. തുടര്‍ന്ന് ആദ്യ നിയമന ഉത്തരവിലെ രണ്ട് വര്‍ഷ സേവനകാലയളവ് മൂന്ന് വര്‍ഷമാക്കി ഭേദഗതി വരുത്തി. 2021 സെപ്റ്റംബറില്‍ ഉത്തരവില്‍ വരുത്തിയ മാറ്റം കോടതി അംഗീകരിച്ചിരുന്നു. വീണ്ടും കാലാവധി നീട്ടികൊടുക്കരുതെന്നും ഉത്തരവിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.