ഷാർജ: വിനോദസഞ്ചാരമേഖലയിലെ സുപ്രധാന ഇടമായ ഷാർജയിലെ അല്‍ നൂർ ദ്വീപ് വേനല്‍ക്കാല ആഘോഷങ്ങള്‍ ഒരുക്കുന്നു. അറിവും വിനോദവും ആഘോഷവും സമന്വയിപ്പിച്ചാണ് ദ്വീപില്‍ വേനല്‍ക്കാല പരിപാടികള്‍ സജ്ജമാക്കിയിരിക്കുന്നത്.
ഞായറാഴ്ചകളിലാണ് പരിപാടികള്‍ ഒരുക്കുന്നത്. മൂന്ന് സോണുകളിലായി അഞ്ച് വ്യത്യസ്തമായ വർക്ക് ഷോപ്പുകളാണ് പരിപാടിയിലുളളത്. കടുത്ത വേനലില്‍ പച്ചപ്പിന്‍റെ തണലിലേക്കും ചിത്രശലഭ വീട്ടിലേക്കും സന്ദർശകരെ ക്ഷണിക്കുകയാണ് അല്‍ നൂർ ദ്വീപ്.
കപ്പ് കേക്ക് ഒരുക്കലാണ് സോണ്‍ ഒന്നിലെ വർക്ക് ഷോപ്പ്. ചിത്രശലഭ രൂപത്തിലുളള പ്രത്യേക കപ്പ് കേക്കും നൂർ കഫേ ഒരുക്കും. പങ്കെടുക്കുന്നവർക്ക് കപ്കേക്കും മറ്റ് ആവശ്യമായ വസ്തുക്കളും കഫെയിൽനിന്ന് ലഭിക്കും കലാകാരന്മാർക്കുളളതാണ് രണ്ടാമത്തെ സോണ്‍. സ്വന്തം കലാസൃഷ്ടികളൊരുക്കാനുളള വേദിയാണ് ഇത്. സ്വന്തം കലാസൃഷ്ടികൾ തയ്യാറാക്കാനും വീട്ടിലേക്ക് കൊണ്ടുപോകാനും സാധിക്കും. അതോടൊപ്പം തന്നെ ഇതേ സോണിലെ രണ്ടാമത്തെ വർക്ക് ഷോപ്പില്‍ ഭാവനയിലെ ചിത്രശലഭത്തെ വരയ്ക്കാനും ഉണ്ടാക്കാനുമുളള അവസരവുമുണ്ടാകും.
പ്രകൃതിയോട് ഇണങ്ങിയുളള കലയെ പ്രോത്സാഹിപ്പിക്കുന്നതാണ് മൂന്നാമത്തെ സെഷന്‍. ആർട്ട് ഇൻ നാച്വർ, നർചർ നാച്വർ എന്നീ രണ്ട് വർക്ക് ഷോപ്പുകള്‍ ഈ സെഷനിലുണ്ടാകും. ചെടികളുടെ സംരക്ഷണവും പ്രകൃതിയോട് ഇണങ്ങിയുളള കലാ പ്രവർത്തനങ്ങളെകുറിച്ചുമെല്ലാമുളള ബോധവല്‍ക്കരണവും ഈ സെഷനിലുണ്ടാകും. മനോഹരമായ പൂന്തോട്ടം നിർമ്മിക്കുന്നതിനെ കുറിച്ചുളള ചോദ്യോത്തരവേളയും ഒരുക്കും.
വേനല്‍ക്കാല പരിപാടിയില്‍ പങ്കെടുക്കുന്നവർക്ക് അല്‍ നൂർ ദ്വീപിലെ എല്ലാ ആകർഷണങ്ങളിലേക്കും പ്രവേശനവും നല്‍കും.വൈകീട്ട് 5 മുതല്‍ 7 വരെ രണ്ട് മണിക്കൂറാണ് പരിപാടി. 120 ദിർഹമാണ് ഒരാള്‍ക്കുളള ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും, 065067000 എന്ന നമ്പറിലോ [email protected] എന്ന ഇ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
ഷാർജ ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ കീഴില്‍ (ഷുറൂഖ്) ഖാലിദ് ലഗൂണിലാണ് അൽ നൂർ സ്ഥിതി ചെയ്യുന്നത്.പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9:00 മുതൽ രാത്രി 11:00 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 9:00 മുതൽ അർദ്ധരാത്രി 12:00 വരെയുമാണ് ദ്വീപ് പ്രവർത്തിക്കുന്നത്. ബട്ടർഫ്ലൈ ഹൗസ് ദിവസവും രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ തുറന്നിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.