ഭരണഘടനയില്‍ നിന്ന് ഇന്ത്യയെ നീക്കണം: ആവശ്യവുമായി ബി.ജെ.പി എം.പി

ഭരണഘടനയില്‍ നിന്ന് ഇന്ത്യയെ നീക്കണം: ആവശ്യവുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിട്ടതിന് പിന്നാലെ ഇന്ത്യ എന്ന വാക്കിനെ അധിക്ഷേപിച്ച് ബിജെപി നേതാക്കള്‍.

സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആക്രമണം തുടരുന്നതിനിടെ ഇന്ത്യ എന്ന പേര് ഭരണഘടനയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡില്‍ നിന്നുള്ള ബി.ജെ.പി രാജ്യസഭാ എം.പി നരേഷ് ബന്‍സാല്‍ രംഗത്ത് വന്നു.

ഇന്ന് പാര്‍ലമെന്റിലായിരുന്നു നരേഷിന്റെ ആവശ്യം. കോളനി ഭരണത്തില്‍ അടിച്ചേല്‍പിക്കപ്പെട്ട പേരാണ് ഇന്ത്യ. രാജ്യത്തിന്റെ യഥാര്‍ത്ഥ നാമം ഭാരത് എന്നാണ്. രാജ്യം ഇപ്പോഴും ചുമയ്ക്കുന്ന അടിമത്തത്തിന്റെ അടയാളമാണ് ഇന്ത്യ. അത് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രസംഗത്തില്‍ നരേഷ് ആവശ്യപ്പെട്ടു.

സമാനമായ പരാമര്‍ശവുമായി നേരത്തെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയും രംഗത്തെത്തിയിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഭാരതവും ഇന്ത്യയും തമ്മിലുള്ള ഏറ്റുമുട്ടലാകുമെന്നായിരുന്നു ഹിമാന്തയുടെ പ്രതികരണം. ട്വിറ്റര്‍ ബയോയില്‍ നിന്ന് ഇന്ത്യ മാറ്റി ഭാരതം എന്ന് അദേഹം ചേര്‍ക്കുകയും ചെയ്തു.

ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത് രാജ്യസ്‌നേഹം കൊണ്ടല്ലെന്നും രാജ്യത്തെ കൊള്ളയടിക്കാന്‍ വേണ്ടിയാണെന്നും ഇന്നലെ മോഡി പ്രതികരിച്ചിരുന്നു. ഭീകര സംഘടനയായ സിമി രൂപീകരിക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരണ കാലത്താണ്. സിമിയുടെ പേരിലും ഇന്ത്യ ഉണ്ടായിരുന്നു.

പ്രതിപക്ഷ മുന്നണിയുടെ പേര് ഇപ്പോള്‍ മാറ്റിയത് യു.പി.എ ഭരണകാലത്തെ കൊള്ളരുതായ്മകളെ മറയ്ക്കാനാണെന്നും അദേഹം രാജസ്ഥാനിലെ ബി.ജെ.പി റാലിയില്‍ പറഞ്ഞു. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലും ഇന്ത്യന്‍ മുജാഹിദീനിലും പോപ്പുലര്‍ ഫ്രണ്ടിലുമെല്ലാം ഇന്ത്യയുണ്ടെന്ന് നേരത്തെ മോഡി ആക്ഷേപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.