പ്രതിപക്ഷ പ്രതിനിധി സംഘം നാളെ മണിപ്പൂരിലേക്ക്; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

പ്രതിപക്ഷ പ്രതിനിധി സംഘം നാളെ മണിപ്പൂരിലേക്ക്; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധികള്‍ നാളെ സന്ദര്‍ശനം നടത്തും. നാളെയും മറ്റന്നാളുമാണ് സന്ദര്‍ശനം. 16 പാര്‍ട്ടികളുടെ പ്രതിനിധികളായി 20 അംഗങ്ങള്‍ സംഘത്തിലുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള സി.പി.എം, മുസ്ലീം ലീഗ്, സി.പി.ഐ ആര്‍.എസ്.പി എംപിമാരുമുണ്ട്.

മൂന്നു മാസമായി കലാപം തുടരുന്ന സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നേരിട്ടു മനസിലാക്കാനും ഇരകളെ സാന്ത്വനിപ്പിക്കുന്നതിനുമാണ് പ്രതിപക്ഷ സംഘത്തിന്റെ യാത്ര.

അധിര്‍ രഞ്ജന്‍ ചൗധരി-കോണ്‍ഗ്രസ്, ലാലന്‍ സിങ്-ജനതാദള്‍ (യു), സുസ്മിത ദേവ്-തൃണമൂല്‍ കോണ്‍ഗ്രസ്, കനിമൊഴി-ഡി.എം.കെ, എ.എ. റഹിം-സി.പി.എം, ഇ.ടി. മുഹമ്മദ് ബഷീര്‍-മുസ്ലീം ലീഗ്, മനോജ് ഝാ-ആര്‍.ജെ.ഡി, ജാവേദ് അലിഖാന്‍-സമാജ്‌വാദി പാര്‍ട്ടി, പി. സന്തോഷ് കുമാര്‍-സി.പി.ഐ, മഹുവ മാജി-ജെ.എം.എം, മുഹമ്മദ് ഫൈസല്‍-എന്‍.സി.പി, എന്‍.കെ. പ്രേമചന്ദ്രന്‍-ആര്‍.എസ്.പി, സുശീല്‍ ഗുപ്ത-ആം ആദ്മി പാര്‍ട്ടി, അരവിന്ദ് സാവന്ത്-ശിവസേന, തിരുമാവളവന്‍-വി.സി.കെ, ജയന്ത് ചൗധരി-ആര്‍.എല്‍.ഡി എന്നിവരാണ് സംഘത്തില്‍. ഗൗരവ് ഗൊഗോയ്, ഫുലോദേവി നേതം-കോണ്‍ഗ്രസ്, ഡി. രവികുമാര്‍-ഡി.എം.കെ, അനില്‍ ഹെഗ്‌ഡെ-ജെ.ഡി.യു എന്നിവരും പ്രതിനിധി സംഘത്തോടൊപ്പമുണ്ട്.

കുക്കികള്‍ താമസിക്കുന്ന മലയോര മേഖലയിലേക്ക് സംഘം ആദ്യം പോകുമെന്നാണ് വിവരം. ഇതിന് ശേഷം സംഘര്‍ഷ ബാധിത താഴ് വരകള്‍ സന്ദര്‍ശിക്കും. ഇതോടൊപ്പം ഇരുവിഭാഗങ്ങളിലേയും ജനങ്ങള്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലും സംഘമെത്തും. സംസ്ഥാന ഗവര്‍ണറെയും കാണും.

പാര്‍ലമെന്റിലെ പ്രതിഷേധത്തിന് ശേഷം മണിപ്പൂരില്‍ ബിജെപി ഇതര സഖ്യം നടത്തുന്ന ആദ്യ സന്ദര്‍ശനമാണിതെന്ന് സഖ്യകക്ഷി നേതാക്കള്‍ പറഞ്ഞു. സന്ദര്‍ശനം അനുവദിക്കണമെന്ന് പ്രതിപക്ഷ സംഘം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അനുമതി നല്‍കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.