വത്തിക്കാൻ സിറ്റി: ഫെയ്സ്ബുക്ക് ലൈവിൽ പങ്കെടുക്കുന്ന ആദ്യ മാർപാപ്പ എന്ന റെക്കോർഡ് ഇനി ഫ്രാൻസിസ് മാർപ്പാപ്പക്ക് സ്വന്തം. ഫ്രാൻസിസ് മാർപാപ്പയുടെ അഭിമുഖങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവയ്ക്കായി കാത്തിരിക്കുന്നവരാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ. അവർക്കിടയിലേക്കാണ് മാർപ്പാപ്പയുടെ ഫെയ്സ്ബുക്ക് ലൈവ് എത്തുന്നത്. ഇറ്റാലിയൻ മാധ്യമങ്ങളിലെ അറിയപ്പെടുന്ന വ്യക്തിത്വമായ ഫാദർ എൻസോ ഫോർച്യുനാറ്റോ എന്ന പുരോഹിതനുമായുള്ള മാർപ്പാപ്പയുടെ ഫേസ്‌ബുക്ക് ലൈവ് വീഡിയോ സോഷ്യൽ മീഡിയ ലോകത്ത് വൈറലാവുകയാണ്.
"കൃപയുടെ നിമിഷം" എന്ന് വിളിച്ചുകൊണ്ടാണ് ഫോർച്യൂനാറ്റോ രണ്ട് മിനിറ്റ് ദൈർഖ്യമുള്ള വീഡിയോ അവതരിപ്പിച്ചത്. ഞങ്ങൾ അനുഭവിക്കാൻ പോകുന്നത് കൃപയുടെ ഒരു നിമിഷമാണ്. ഇത് വലിയൊരു ആശ്ചര്യത്തിന്റെ സമയമാണ്. ഫ്രാൻസിസ് മാർപാപ്പയ്‌ക്കൊപ്പമാണ് ഇപ്പോഴുള്ളത്, പരിശുദ്ധ പിതാവിനോട് ഞാൻ അനുഗ്രഹത്തിനായി അപേക്ഷിച്ചു. കൂടെ ദൈവ വചനത്തിൽ ദിവസവും പരിപോഷിക്കപ്പെടാനായി ഒരു സന്ദേശവും പങ്കിടാൻ ആവശ്യപ്പെട്ടെന്ന് പുരോഹിതൻ ആമുഖമായി പറഞ്ഞു.
ഉടൻ തന്നെ മാർപ്പാപ്പ ലൈവ് കണ്ടുകൊണ്ടിരിക്കുന്ന വിശ്വാസികൾക്കായി ഒരു സന്ദേശം നൽകി. നിങ്ങളുടെ ജോലിയിലും ദൈവവചനം നിറയ്ക്കാൻ സാധിച്ചതിന് നന്ദി. നമുക്ക് വെള്ളമില്ലെങ്കിൽ കാര്യങ്ങൾ നടക്കില്ല. ദൈവവചനം വെള്ളം പോലെയാണ്, അത് ജീവനാണ്, അത് എപ്പോഴും നമ്മോടൊപ്പമുണ്ട്, അത് നമ്മെ വളർത്തുന്നു. ദൈവ വചനവുമായി മുന്നോട്ട് പോകുക, അത് ഉപേക്ഷിക്കരുത്. നല്ല വ്യക്തികളായി എപ്പോഴും തുടരുകയെന്നും പാപ്പ പറഞ്ഞു. മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ കാഴ്ചക്കാരോട് ഫോർച്യൂനാറ്റോ അഭ്യർത്ഥിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26