അന്യഗ്രഹ ജീവികള്‍ വീണ്ടും ചര്‍ച്ചയാകുന്നു; അന്യഗ്രഹ ജീവികളുടെ ശരീര ഭാഗങ്ങള്‍ അമേരിക്കയുടെ പക്കലുണ്ടെന്ന അവകാശ വാദവുമായി മുന്‍ സൈനികന്‍

അന്യഗ്രഹ ജീവികള്‍ വീണ്ടും ചര്‍ച്ചയാകുന്നു; അന്യഗ്രഹ ജീവികളുടെ ശരീര ഭാഗങ്ങള്‍ അമേരിക്കയുടെ പക്കലുണ്ടെന്ന അവകാശ വാദവുമായി മുന്‍ സൈനികന്‍

വാഷിങ്ടണ്‍: അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബലമേകുന്ന അവകാശവാദവുമായി മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍. യു.എഫ്.ഒകളും (തിരിച്ചറിയപ്പെടാത്ത ആകാശ വസ്തുക്കള്‍) മനുഷ്യരുടേതല്ലാത്ത ശരീരങ്ങളും അമേരിക്കന്‍ സര്‍ക്കാരിന്റെ കൈവശമുണ്ടെന്നാണ് മുന്‍ യുഎസ് ഇന്റലിജന്‍സ് ഓഫീസറായ ഡേവിഡ് ഗ്രുഷ് വെളിപ്പെടുത്തിയത്.

വാഷിങ്ടണിലെ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഗ്രുഷ് ഈ പ്രസ്താവന നടത്തിയത്. അമേരിക്കന്‍ സര്‍ക്കാര്‍ തകര്‍ന്ന അന്യഗ്രഹ ബഹിരാകാശ പേടകങ്ങള്‍ കൈവശം വച്ചിരിക്കുന്നുവെന്ന് ജൂണില്‍ ഗ്രുഷ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ നിശ്ചയിച്ചത്.

വാദം കേള്‍ക്കുന്നതിനിടെ, താന്‍ ഒരിക്കലും അന്യഗ്രഹ ജീവികളുടെ ശരീരം കണ്ടിട്ടില്ലെന്ന് അദ്ദേഹം സമ്മതിച്ചു. ഈ അന്യഗ്രഹ പേടകം കണ്ടിട്ടില്ലെന്നും തന്റെ അവകാശവാദങ്ങള്‍ ഉയര്‍ന്ന തലത്തിലുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായുള്ള സംഭാഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ അവശിഷ്ടങ്ങളില്‍ ചിലതിന്റെ ജീവശാസ്ത്രപരമായ പഠനങ്ങള്‍ ലഭ്യമാണെന്നും അത് മനുഷ്യരുടേതല്ലെന്നും ഈ വിഷയത്തില്‍ നേരിട്ട് അറിവുള്ള ആളുകളാണ് വിലയിരുത്തല്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ തകര്‍ന്ന പേടകങ്ങളിലെ പൈലറ്റുമാരെയോ, യാത്രക്കാരെയോ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശം ഉണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് ഗ്രുഷ് ഇക്കാര്യം പറഞ്ഞത്.

യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ഏജന്‍സിയുടെ, തിരിച്ചറിയാത്ത അസാധാരണ പ്രതിഭാസങ്ങളുമായി (യുഎപി) ബന്ധപ്പെട്ട വകുപ്പിന് നേതൃത്വം നല്‍കിയിരുന്ന വ്യക്തിയാണ് ഡേവിഡ് ഗ്രുഷ്.

അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള തെളിവുകള്‍ യുഎസ് കോണ്‍ഗ്രസില്‍ നിന്ന് സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് കഴിഞ്ഞ ജൂണില്‍ ഗ്രുഷ് ആരോപിച്ചിരുന്നു. ആളുകളെ ഭീഷണിപ്പെടുത്തിയും ദേഹോപദ്രവമേല്‍പ്പിച്ചും ഇത്തരം വിവരങ്ങള്‍ രഹസ്യമാക്കി വെക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം.

അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതി അവകാശവാദങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. 'മനുഷ്യേതര ജീവശാസ്ത്രങ്ങള്‍ സര്‍ക്കാര്‍ വീണ്ടെടുത്തിട്ടുണ്ട്. ഞാന്‍ ഒരിക്കലും അന്യഗ്രഹ ശരീരം കണ്ടിട്ടില്ല. അന്യഗ്രഹ എയര്‍ക്രാഫ്റ്റും കണ്ടിട്ടില്ല. എന്നാല്‍, ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായുള്ള വിപുലമായ അഭിമുഖത്തില്‍ ലഭിച്ച കൃത്യമായ വിവരങ്ങളാണ് പങ്കുവച്ചിട്ടുള്ളത്'- ഗ്രുഷ് പറഞ്ഞു.

എന്നാല്‍ ഗ്രുഷിന്റെ വാദം പെന്റഗണ്‍ നിഷേധിച്ചു. അന്യഗ്രഹ വസ്തുക്കളെ കണ്ടെത്താനോ വീണ്ടെടുക്കാനോ ഉള്ള യാതൊരു പ്രവര്‍ത്തനങ്ങളും മുന്‍പ് നടന്നതായോ ഇപ്പോള്‍ നടക്കുന്നതായോ ഉള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിട്ടില്ലെന്നാണ് പ്രതിരോധ വകുപ്പ് വക്താവ് സ്യൂ ഗഫ് പറയുന്നത്. പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത ആകാശ പ്രതിഭാസങ്ങള്‍ യഥാര്‍ത്ഥമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുണ്ട്, എന്നാല്‍ അവ എന്താണെന്നതിനുള്ള ഉത്തരം തങ്ങളുടെ പക്കലില്ലെന്ന് നാഷണല്‍ സെക്യൂരിറ്റി വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.