പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കുരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച്: ഐജി ലക്ഷ്മണിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; അറസ്റ്റുണ്ടായേക്കും

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കുരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച്: ഐജി ലക്ഷ്മണിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; അറസ്റ്റുണ്ടായേക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഐജി ജി. ലക്ഷ്മണിനെതിരെ കുരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച്. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണിനെ തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. 

കളമശേരി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ ലക്ഷ്മണന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. കേസിലെ മൂന്നാം പ്രതിയാണ് ഐജി ലക്ഷ്മണ്‍. അതേസമയം ലക്ഷ്മണ്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ലെന്നും സൂചനയുണ്ട്.

കേസില്‍ നാലാം പ്രതിയും മുന്‍ ഡിഐജിയുമായ എസ്.സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കളമശേരി ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റിന് ശേഷം 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് പേരുടെ ഉറപ്പിലും ജാമ്യം അനുവദിച്ചിരുന്നു.

കേസില്‍ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയത് കെ.സുധാകരന്‍, ഐജി ജി.ലക്ഷ്മണ്‍, എസ്.സുരേന്ദ്രന്‍ എന്നിവര്‍ പലപ്പോഴായി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണെന്നാണ് പരാതിക്കാരായ യാക്കൂബ്, അനൂപ് വി. അഹമ്മദ്, സലീം എടത്തില്‍ എന്നിവര്‍ നല്‍കിയ മൊഴി.

മുന്‍ ഡിഐജി സുരേന്ദ്രന്റെ വീട്ടില്‍ വച്ചാണ് പണം കൈമാറിയതെന്ന് പരാതിക്കാര്‍ പറഞ്ഞിരുന്നു. കേസില്‍ ഒന്നും രണ്ടും നാലും പ്രതികള്‍ ഇതിനോടകം അറസ്റ്റിലായതിനാല്‍ ഐജി ലക്ഷ്മണും അറസ്റ്റിലായേക്കുമെന്നാണ് നിയമവൃത്തങ്ങളില്‍ നിന്നുള്ള സൂചന. മുഖ്യമന്ത്രിയുടെ ഒഫീസിനെ പൊതുസമൂഹത്തില്‍ സംശയത്തിന്റെ നിഴയില്‍ നിര്‍ത്തുന്ന വിധം പ്രതികരണം ഉണ്ടായതും ലക്ഷ്മണിനെതിരെ നടപടി ഉറപ്പിക്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.