മണിപ്പൂര്‍ കലാപം: ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടം നല്‍കി പ്രതിപക്ഷ പ്രതിനിധി സംഘം

മണിപ്പൂര്‍ കലാപം:  ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടം നല്‍കി പ്രതിപക്ഷ പ്രതിനിധി സംഘം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സന്ദര്‍ശിച്ച പ്രതിപക്ഷ പ്രതിനിധി സംഘം ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയ്ക്ക് മെമ്മോറാണ്ടം നല്‍കി.

വിഷയത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനത്തില്‍ രൂക്ഷ വിമര്‍ശനം നടത്തിയ പ്രതിപക്ഷ എംപിമാര്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.

ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റ് ഇന്‍ക്ല്യൂസിവ് അലയന്‍സിന്റെ (ഇന്ത്യ) ഭാഗമായ 21 എംപിമാരാണ് സംഘത്തിലുള്ളത്. ചുരാചന്ദ്പൂര്‍, ഇംഫാല്‍, മൊയ്റാങ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘം സന്ദര്‍ശിച്ചു.

'സംഘര്‍ഷങ്ങളുടെ തുടക്കം മുതല്‍ ഇരുപക്ഷത്തു നിന്നുമുണ്ടായ അക്രമത്തില്‍ ബാധിതരായവരുടെ ഉത്കണ്ഠകളുടെയും വേദനകളുടെയും കഥകള്‍ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. എല്ലാ സമുദായങ്ങള്‍ക്കിടയിലും ആശങ്ക നിലനില്‍ക്കുന്നു. അത് കാലതാമസമില്ലാതെ പരിഹരിക്കേണ്ടതുണ്ട്' - പ്രതിപക്ഷ സംഘം ഗവര്‍ണര്‍ക്ക് നല്‍കിയ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കി.

രണ്ട് സമുദായങ്ങളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരാജയം വ്യക്തമാണ്. 150 ലധികം മരണങ്ങള്‍, 500 ലധികം ആളുകള്‍ക്ക് പരിക്കുകള്‍, 5,000 ലധികം വീടുകള്‍ കത്തിനശിച്ചു, 60,000 ത്തിലധികം ആളുകള്‍ പലയാനം നടത്തി തുടങ്ങിയ കാര്യങ്ങള്‍ മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാണിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.