കോവിഡ് കാലത്തെ അഴിമതി: വിവരാവകാശ അപേക്ഷകന് ലഭിച്ചത് 48,000 പേജുള്ള മറുപടി! സര്‍ക്കാറിന് നഷ്ടം 80,000 രൂപ

കോവിഡ് കാലത്തെ അഴിമതി:  വിവരാവകാശ അപേക്ഷകന്  ലഭിച്ചത് 48,000 പേജുള്ള മറുപടി! സര്‍ക്കാറിന് നഷ്ടം 80,000 രൂപ

ഇന്‍ഡോര്‍: കോവിഡ് കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിന് ലഭിച്ചത് 48,000 പേജുള്ള മറുപടി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

കോവിഡ് മഹാമാരിക്കാലത്ത് മരുന്നുകള്‍, ഉപകരണങ്ങള്‍, അനുബന്ധ വസ്തുക്കള്‍ എന്നിവ വാങ്ങിയതിന്റെ ബില്ലുകളുടെ വിവരം ആവശ്യപ്പെട്ട് ധര്‍മേന്ദ്ര ശുക്ല എന്നയാളാണ് വിവരാവകാശ അപേക്ഷ നല്‍കിയത്. ഇതിനാണ് ഇന്‍ഡോറിലെ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ 48,000 പേജില്‍ മറുപടി നല്‍കിയത്.

മറുപടിയായി ലഭിച്ച വിവരാവകാശ രേഖകള്‍ കൊണ്ടുപോകാന്‍ കാറുമായാണ് താന്‍ പോയതെന്ന് ധര്‍മേന്ദ്ര ശുക്ല പറയുന്നു. മറുപടിയെല്ലാം വണ്ടിയില്‍ കയറ്റിയപ്പോള്‍ ഡ്രൈവിങ് സീറ്റ് മാത്രമേ ഒഴിവുണ്ടായിരുന്നൊള്ളൂവെന്നും ശുക്ല പറഞ്ഞു.

അപേക്ഷ നല്‍കി ഒരു മാസത്തിനുള്ളില്‍ മറുപടി ലഭിക്കാത്തതിനാല്‍ പരാതിക്കാരന് പണം അടക്കേണ്ടി വന്നിട്ടില്ല. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കി 30 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണം. ഒരു പേജിന് രണ്ടുരൂപ നിരക്കിലാണ് പണം നല്‍കേണ്ടത്.

എന്നാല്‍ ഒരുമാസമായിട്ടും മറുപടി ലഭിക്കാത്തതോടെ അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് രേഖകള്‍ പണ ചിലവില്ലാതെ നല്‍കണമെന്ന് അപ്പീല്‍ ഓഫീസറായ ഡോ.ശരത് ഗുപ്ത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കൃത്യസമയത്ത് വിവരങ്ങള്‍ നല്‍കാത്തതിനാല്‍ സര്‍ക്കാറിന് 80,000 രൂപ നഷ്ടപ്പെട്ടെന്നും ഈ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അപ്പീല്‍ ഓഫീസര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.