ശീതയുദ്ധം അപകടകരമാണ് ;തർക്കങ്ങൾ അന്നന്ന് തന്നെ അവസാനിപ്പിക്കുക
വത്തിക്കാൻ സിറ്റി: കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിൽ യൗസേപിതാവിന്റെയും മാതാവിന്റെയും കണ്ണുകളിൽക്കൂടി പുൽക്കൂട്ടിലേക്കു യാത്ര ചെയ്യുകയായിരുന്നു സഭ. പ പിതാവ്, ക്രിസ്മസിന് ശേഷമുള്ള ഈ തിരുക്കുടുംബ ഞായറാഴ്ച, യൗസേപ്പിന്റെയും മാതാവിന്റെയും ഉണ്ണീശോയുടെയും ജീവിതത്തിലേക്കു നമ്മെ ക്ഷണിക്കുന്നു. പാപ്പാ തന്റെ ഞായറാഴ്ച പ്രസംഗത്തിലൂടെ ഒരു കുടുംബത്തിൽ ഉണ്ടാവേണ്ട അത്യാവശ്യ ഘടകങ്ങൾ എന്തൊക്കെ എന്ന് സഭാമക്കളെ ഓർമ്മിപ്പിച്ചു.
എല്ലാ കുട്ടികളെയും പോലെ ഒരു കുടുംബത്തിന്റെ ഊഷ്മളത ഈശോയും ആഗ്രഹിച്ചു. നസ്രത്തിലെ ഈ കുടുംബം ലോകത്തിലെ എല്ലാ കുടുംബങ്ങൾക്കും മാതൃകയാണ്. മറിയത്തിന്റെയും യൗസേപ്പിതാവിന്റെയും ശ്രദ്ധയും കരുതലും യേശുവിന്റെ ബാല്യം സന്തോഷഭരിതമാക്കുന്നു. തിരുക്കുടുംബത്തിന്റെ മാതൃക അനുകരിച്ചു നഷ്ടപ്പെട്ട മൂല്യങ്ങളെ നമ്മുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ നമുക്ക് കടമയുണ്ട്. അത് ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കുകയും സ്നേഹത്തിൽ സ്ഥാപിതമാക്കുകയും ചെയ്യണം. കുടുംബത്തിൽ കൂട്ടായ്മ അനുഭവപ്പെടണം, അതിന് കുടുംബം ഒരു പ്രാർത്ഥനാലയമായിരിക്കണം. അഗാധവും നിർമ്മലമായ വാത്സല്യവും ക്ഷമിക്കുവാനുള്ള മനസ്സും ഉണ്ടാവുകയും ദൈവഹിതം പരിപാലിക്കപ്പെടുകയും ചെയ്യണം. ഇതെല്ലം ദൈവം നൽകുന്ന സന്തോഷത്തിലേക്ക് കുടുംബങ്ങളെ നയിക്കുവാൻ നമുക്ക് സാധിക്കും. കുടുംബത്തിൽനിന്നും ലഭിക്കുന്ന ആത്മീയ ഊർജ്ജം ലോകത്തിനും സഹോദരങ്ങളുടെ സേവനത്തിനുമായി വിനിയോഗിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു. പ്രശ്നങ്ങളും തർക്കങ്ങളും എല്ലാ കുടുംബങ്ങളിലും ഉണ്ടാവാറുണ്ട്. നമ്മൾ മനുഷ്യരായതുകൊണ്ട് ദുർബലരുമാണ്. കുടുംബങ്ങളിൽ തർക്കങ്ങൾ ഉണ്ടാവുകയാണെങ്കിൽ സമാധാനം പുനഃസ്ഥാപിക്കാതെ ആ ദിവസം അവസാനിപ്പിക്കരുത്. എന്തെന്നാൽ ശീതയുദ്ധം അപകടകരമാണ്. നമ്മുടെ കുടുംബങ്ങളിൽ മൂന്നു വാക്കുകൾ സൂക്ഷിക്കണം, ' ദയവായി,നന്ദി, ക്ഷമിക്കണം'.
ദയവായി എന്ന ആദ്യത്തെ വാക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി തലയിടാതിരിക്കാനുള്ളതാണ്. കുടുംബത്തിൽ വളരെ അധികം ഉപയോഗിക്കേണ്ട രണ്ടാമത്തെ വാക്കാണ് ' നന്ദി ' എന്നത്. കൃതജ്ഞത കുലീനമായ ആത്മാവിന്റെ ജീവരക്തമാണ്. പറയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു വാക്കാണ് മൂന്നാമത്തേത്; 'ക്ഷമിക്കണം' എന്നത്. ഒരു കുടുംബാന്തരീക്ഷത്തിൽ ഈ വാക്കുകൾ ഉണ്ടെങ്കിൽ കുടുംബം മികച്ചതാകും. ഇന്നത്തെ തിരുക്കുടുംബത്തിന്റെ തിരുന്നാൾ, കുടുംബ സുവിശേഷ വത്ക്കരണത്തെ ഓർമ്മപ്പെടുത്തുന്നു. സംയോജനത്തിന്റെയും കുടുംബ സ്നേഹത്തിന്റെയും ആദർശം ഒരിക്കൽക്കൂടി മുന്നോട്ടു വയ്ക്കുന്നു. ലോകമെമ്പാടുമുള്ള കുടുംബങ്ങളുമൊത്തുള്ള ഈ യാത്ര, നസ്രത്തിലെ തിരുക്കുടുംബത്തിന് ഭരമേല്പിക്കാം.
പതിവ്പോലെ, പ്രാർത്ഥനയോടെയും പാപ്പയെ കേൾക്കാൻ എത്തിയവരെ ആശീർവദിച്ചുകൊണ്ടും പാപ്പാ പ്രസംഗം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.