മോഡിയുടെ 'മന്‍ കി ബാത്തി'ല്‍ കര്‍ഷകരുടെ 'താലി ബജാവോ'

മോഡിയുടെ 'മന്‍ കി ബാത്തി'ല്‍ കര്‍ഷകരുടെ 'താലി ബജാവോ'

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം ശക്തമാകുന്നതിനിടെ നടത്തിയ പ്രതിമാസ റേഡിയോ പരിപാടി 'മന്‍ കീ ബാത്തി'ല്‍ കാര്‍ഷിക നിയമങ്ങളെയും കര്‍ഷക സമരത്തെയും അവഗണിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഇതേക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയതേയില്ല. 2021 ല്‍ രോഗ സൗഖ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാശ്രയത്വമെന്ന വലിയ പാഠമാണ് ഈ കോവിഡ് പ്രതിസന്ധി പകര്‍ന്നു തന്നത്. സ്വാശ്രയത്വം തന്നെയാകണം പുതുവത്സര പ്രതിജ്ഞ. തദ്ദേശീയ ഉല്‍പന്നങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യവും സ്വീകാര്യതയും ലഭിക്കുന്നുണ്ടെന്ന് നാം ഉറപ്പ് വരുത്തണമെന്നും മോഡി നിര്‍ദേശിച്ചു.

എന്നാല്‍ മന്‍ കീ ബാത്തിനിടെ പാത്രങ്ങള്‍ കൂട്ടിയടിച്ച് കര്‍ഷകര്‍ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി. സമരം തുടരുന്ന കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെ സിംഘു, പഞ്ചാബിലെ ഫരീദ്കോട്ട്, ഹരിയാനയിലെ റോത്തക് എന്നിവിടങ്ങളിലാണ് 'താലി ബജാവോ' (പാത്രം കൊട്ടല്‍) പ്രതിഷേധം നടത്തിയത്. ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ കോവിഡ് പോരാളികളോട് ഐക്യദാര്‍ഢ്യമറിയിച്ച് പാത്രങ്ങള്‍ കൊട്ടാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. അതേ പരിപാടി മോഡിയുടെ പ്രഭാഷണത്തെ പരിഹസിക്കാനായി ഉപയോഗിക്കാനായിരുന്നു വിവിധ കര്‍ഷക സംഘടനകളുടെ നിര്‍ദേശം.

തന്റെ മനസിലുള്ളത് പറയുന്നതിനു മുമ്പ് തങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കാനാണ് പ്രധാനമന്ത്രി തയാറാകേണ്ടത് എന്നാണു കര്‍ഷകരുടെ നിലപാട്. അതേസമയം, കോവിഡ് പോരാളികളെ ആദരിക്കാനായി നടത്തിയ 'താലി-താലി' പരിപാടി പ്രധാനമന്ത്രി ഇന്നലത്തെ പ്രസംഗത്തില്‍ അനുസ്മരിച്ചു.

അതിനിടെ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ സമരഭൂമിയിലും കൃഷിയിറക്കി. ഡല്‍ഹി ബുറാഡിയില്‍ നിരങ്കാരി സമാഗം മൈതാനത്ത് കര്‍ഷകര്‍ ഉള്ളിയാണ് കൃഷി ചെയ്യുന്നത്. ഭക്ഷണം ഉണ്ടാക്കാനുള്ള ഉള്ളി ഇവിടെ വിളയിപ്പിക്കുകയാണ് ലക്ഷ്യമെന്നു കര്‍ഷകര്‍ പറഞ്ഞു.

സമരം നീണ്ടുപോയാല്‍ മറ്റു വിളകള്‍ കൂടി ഇവിടെ കൃഷി ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കരിന്റെ കത്ത് പരിഗണിച്ച് 29 ന് 11 മണിക്ക് ചര്‍ച്ചയാകാമെന്ന് 40 സംഘടനകളുടെ സംയുക്ത സമിതി അറിയിച്ചിട്ടുണ്ട്. ചര്‍ച്ച തുറന്ന മനസോടെ വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. മുമ്പ് നടന്ന ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.