മുതിർന്ന കോൺ​ഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

മുതിർന്ന കോൺ​ഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കേരളനിയമസഭയിലെ മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ വക്കത്ത് 1928 ഏപ്രിൽ 12 ന് ജനിച്ച വക്കം പുരുഷോത്തമൻ സ്റ്റുഡന്റ്‌സ് കോൺഗ്രസിന്റെ പ്രവർത്തനത്തിലൂടെയാണ് രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1953ൽ വക്കം ഗ്രാമപഞ്ചായത്ത് അംഗമായി. ശേഷം തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

അഞ്ചു തവണ ആറ്റിങ്ങലിൽ നിന്നും സഭയിലെത്തിയ വക്കം മൂന്ന് തവണ മന്ത്രിയായി. വിവിധ കാലഘട്ടങ്ങളിലായി ധനകാര്യം, എക്‌സൈസ്, തൊഴിൽ, ആരോഗ്യം, കൃഷി, ടൂറിസം വകുപ്പുകളുടെ ചുമതല വഹിച്ചു.

1982 ലാണ് വക്കം ആദ്യമായി കേരള നിയമസഭ സ്പീക്കറായത്. 2001ൽ വീണ്ടും നിയമ സഭ സ്പീക്കറായി. 1984ലും 1989 ലും ആലപ്പുഴയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. 1993 മുതൽ 1996 വരെ ആന്തമാൻ നിക്കോബാർ ലെഫ്റ്റ്‌നന്റ് ഗവർണറായി. 2011 ൽ മിസോറം ഗവർണറായി നിയമിതനായ അദ്ദേഹം 2014 ൽ നാഗാലാൻഡിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്ന് ഗവർണർ പദവി രാജിവെക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.