ലിസ്ബണ്‍: ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന, കത്തോലിക്കാ സഭയുടെ ലോക യുവജന സംഗമത്തിനു നാളെ തുടക്കമാകും. പോര്‍ച്ചുഗലിലെ ലിസ്ബണ്‍ നഗരത്തില്‍ നടക്കുന്ന സംഗമത്തില്‍ 151 രാജ്യങ്ങളില്‍നിന്നായി പത്തു ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ ആറു വരെയാണ് സംഗമം നടക്കുന്നത്.
ഇന്ത്യയില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. യുവജനസംഗമത്തിന് വേദിയാകുന്ന ലിസ്ബണ്‍ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫാത്തിമയില്‍ നിന്നും 75 മൈലുകള്‍ മാത്രം അകലെയാണ്.
ഇതാദ്യമായാണ് ലിസ്ബണ്‍ ലോക യുവജന സംഗമത്തിന് വേദിയാകുന്നത്. ഫ്രാന്‍സിസ് പാപ്പയും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. 'മറിയം എഴുന്നേറ്റ് ധൃതിയില്‍ പുറപ്പെട്ടു' (ലൂക്ക 1:39) എന്ന ബൈബിള്‍ വാക്യമാണ് ഇത്തവണത്തെ യുവജന ദിനത്തിന്റെ മുദ്രാവാക്യമായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. യുവജനങ്ങളുടെ പ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യം.
പരിപാടികള്‍ ഇംഗ്ലീഷിനു പുറമെ സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളിലായിരിക്കും നടക്കുക. 70-ലധികം വേദികളാണ് പരിപാടികള്‍ക്കായി ക്രമീകരിച്ചരിക്കുന്നത്.
നാളെ മുതല്‍ മുതല്‍ നാലാം തീയതി വരെ യുവജന സംഗമ വേദിയില്‍ റികണ്‍സിലിയേഷന്‍ പാര്‍ക്ക് എന്നറിയപ്പെടുന്ന സ്ഥലത്ത് യുവജനങ്ങള്‍ക്ക് കുമ്പസാരിക്കാന്‍ 150 കുമ്പസാരക്കൂടുകളും ഒരുക്കിയിട്ടുണ്ട്. കുമ്പസാരം കേള്‍ക്കാനായി 2600 വൈദികരാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
കോവിഡ് മഹാമാരിയും മാര്‍പ്പാപ്പയുടെ ആരോഗ്യ പ്രശ്‌നങ്ങളും കാരണം നീണ്ടു പോയ സംഗമം നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് നടക്കുന്നത്. അതിനാല്‍ തന്നെ യുവജനങ്ങള്‍ അത്യധികം ആഹ്‌ളാദത്തിലും പ്രതീക്ഷയിലുമാണ് സംഗമത്തെ വരവേല്‍ക്കുന്നത്.
തീര്‍ത്ഥാടകര്‍ക്കായി 'കാര്‍ബണ്‍ കാല്‍ക്കുലേറ്റര്‍'
ഏറെ സവിശേഷതകളോടെയാണ് ഇക്കുറി ലോക യുവജന സംഗമം സംഘടിപ്പിക്കുന്നത്. പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കാന്‍ സംഘാടകര്‍ തുടക്കം മുതല്‍ പ്രതിജ്ഞാബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി കാര്‍ബണ്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള WYD Lisbon 2023 എന്ന ആപ്പില്‍ കാര്‍ബണ്‍ കാല്‍ക്കുലേറ്റര്‍ ഉള്‍പ്പെടുത്തും. സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ പോര്‍ച്ചുഗലില്‍ എത്തുമ്പോള്‍ അവരുടെ മൊബൈല്‍ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.
ഒരു ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് കാല്‍ക്കുലേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. യുവജന സംഗമത്തിനായി പുറപ്പെടുന്ന സ്ഥലങ്ങള്‍ മുതല്‍ സംഗമത്തിന്റെ അവസാന ദിവസം വരെയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ കാല്‍ക്കുലേറ്ററില്‍ രേഖപ്പെടുത്തും. ഇതിലൂടെ, തീര്‍ത്ഥാടകര്‍ക്ക് അവരുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ (കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥേനും ഉള്‍പ്പെടെ - അവരുടെ പ്രവര്‍ത്തനങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന മൊത്തം ഹരിതഗൃഹ വാതകങ്ങളുടെ അളവ്) കണ്ടെത്താന്‍ കഴിയും. ലോക യുവജന സംഗമത്തിന്റെ അവസാനം, അതിന്റെ ആഘാതം എങ്ങനെ കുറയ്ക്കാമെന്ന് അവര്‍ പഠിക്കും.
ഗ്ലോബല്‍ ട്രീ ഇനിഷ്യേറ്റീവിന്റെ പങ്കാളിത്തത്തോടെ ലോകമെമ്പാടും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതാണ് യുവജന സംഗമത്തിന്റെ മറ്റൊരു പ്രത്യേകത. സംഘടനയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 17,000 മരങ്ങള്‍ ഇതിനകം നട്ടുപിടിപ്പിച്ചു.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്താനും കൂടുതല്‍ സുസ്ഥിരമായ ജല ഉപഭോഗം പ്രോത്സാഹിപ്പിക്കാനുമായി പുനരുപയോഗിക്കാവുന്ന വാട്ടര്‍ ബോട്ടിലുകള്‍ തീര്‍ത്ഥാടക കിറ്റില്‍ ഉള്‍പ്പെടുത്തും.
തെരുവുകള്‍ സംഗീതസാന്ദ്രമാകും
യുവതലമുറയുടെ ഈ ഉത്സവത്തില്‍ സംഗീതത്തിനും വലിയ പ്രാധാന്യമുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 100-ലധികം ബാന്‍ഡുകളും സോളോ ആര്‍ട്ടിസ്റ്റുകളും അവതരിപ്പിക്കുന്ന സംഗീത പരിപാടികളും ഉണ്ടാകും. ഇതുകൂടാതെ സിനിമ, ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി പ്രദര്‍ശനങ്ങളും നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രിയപ്പെട്ട സിനിമകളും അവര്‍ക്ക് കാണാന്‍ അവസരമുണ്ട്.
വോളിബോള്‍ ടൂര്‍ണമെന്റ്
നഗരത്തിലുടനീളം തെരുവുകളില്‍ പരമ്പരാഗതവും സമകാലികവുമായ നൃത്ത പ്രകടനങ്ങള്‍ നടക്കും. യുവജന സംഗമത്തിനോട് അനുബന്ധിച്ച് ഇതാദ്യമായി റജിസ്റ്റര്‍ ചെയ്ത തീര്‍ത്ഥാടകര്‍ക്ക് ഓഗസ്റ്റ് രണ്ടിന് കാര്‍കവെലോസ് ബീച്ചില്‍ നടക്കുന്ന ബീച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നത് ഇത്തവണത്തെ സവിശേഷതയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26