മുതലപ്പൊഴിയില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍; ഡ്രഡ്ജിങ് നാളെ മുതല്‍

മുതലപ്പൊഴിയില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍; ഡ്രഡ്ജിങ് നാളെ മുതല്‍

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. അദാനി കമ്പനി പ്രതിനിധികളുമായും രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ സംഘടനകളുമായും മന്ത്രിമാരായ സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ വെവ്വേറെ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് 10 അടിയന്തര നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മുതലപ്പൊഴി അടച്ചിടില്ല, പൊഴിയില്‍ നിന്ന് പാറയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തി നാളെ തുടങ്ങും. ലോങ് ബൂം ക്രെയിന്‍ റോഡ് മാര്‍ഗം എത്തിച്ചാണ് അദാനി കമ്പനി പാറകളും അവശിഷ്ടങ്ങളും എടുത്തു മാറ്റുക. ഒപ്പം എക്സ്‌കവേറ്ററുകള്‍ ആവശ്യത്തിന് എത്തിച്ചു മണലും നീക്കം ചെയ്യും.

സാന്‍ഡ് ബൈപ്പാസിങ് പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങാന്‍ ലോറിയില്‍ മണല്‍ കൊണ്ടുപോകാനും തീരുമാനമായി. ഇതിനായി ഒരു കോടി രൂപ അനുവദിച്ചു. സാന്‍ഡ് ബൈപ്പാസിങ് ശാശ്വതമായി നടപ്പാക്കാനായി 11 കോടിയുടെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്.

ഇതനുസരിച്ച് മണല്‍ അടിയുന്ന ഒരു ഭാഗത്തു നിന്ന് എടുത്ത് മാറ്റുകയാണ് ചെയ്യുക. രണ്ടാഴ്ചക്കുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്ന ഈ പ്രവൃത്തി രണ്ടുമാസത്തിനുള്ളില്‍ തുടങ്ങും.

മുതലപ്പൊഴിയില്‍ ആറ് ഹൈമാസ്റ്റ് വിളക്കുകള്‍ ഒരാഴ്ചക്കകം സ്ഥാപിക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി ഫിഷറീസ് വകുപ്പ് സെക്രട്ടറി കെല്‍ട്രോണുമായി ചര്‍ച്ച നടത്തും.

മുതലപ്പൊഴിയില്‍ സുരക്ഷ മുന്‍നിര്‍ത്തി മുങ്ങല്‍ വിദഗ്ധരിലെ 22 പേരെക്കൂടി അധികമായി നിയമിക്കും. നിലവില്‍ എട്ട് പേരാണ് ജോലിചെയ്തിരുന്നത്. ഡൈവിങ് വിദഗ്ധരായ ഇവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരായിരിക്കും.

മൂന്ന് ഷിഫ്റ്റുകളിലായി എട്ടു മണിക്കൂറില്‍ സുരക്ഷാ ജീവനക്കാര്‍ ജോലി ചെയ്യും. ഇതോടെ മുഴുവന്‍ സമയവും അവിടെ സുരക്ഷക്ക് ആളുണ്ടാവും. രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു സ്പീഡ് ബോട്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. സ്ഥലത്ത് മുഴുവന്‍ സമയ ആംബുലന്‍സ് നാളെ മുതല്‍ ലഭ്യമാക്കാന്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു. പൊഴിയിലേക്കുള്ള റോഡിന്റെ പണിയും ചൊവ്വാഴ്ച തുടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.