മണിപ്പൂര്‍ വിഷയം: പ്രതിപക്ഷ എംപിമാരെ കാണാന്‍ സമയം അനുവദിച്ച് രാഷ്ട്രപതി; കൂടിക്കാഴ്ച നാളെ രാവിലെ 11.30 ന്

മണിപ്പൂര്‍ വിഷയം: പ്രതിപക്ഷ എംപിമാരെ കാണാന്‍ സമയം അനുവദിച്ച് രാഷ്ട്രപതി; കൂടിക്കാഴ്ച നാളെ രാവിലെ 11.30 ന്

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആശങ്ക കേള്‍ക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ അഭ്യര്‍ത്ഥന രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചു.

നാളെ രാവിലെ 11.30 ന് പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് രാഷ്ട്രപതി അറിയിച്ചു. മണിപ്പൂരിലെ അക്രമങ്ങളെക്കുറിച്ച് സമഗ്രമായ ചര്‍ച്ച വേണമെന്ന ആവശ്യം മണ്‍സൂണ്‍ സെഷന്‍ ആരംഭിച്ചത് മുതല്‍ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ബിജെപി ഭരിക്കുന്ന മണിപ്പൂരിലെ അക്രമം ആശങ്കാ ജനകമാണെന്നും നിരവധി മരണങ്ങള്‍ക്ക് കാരണമായെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. ഇത് പരിഹരിക്കാന്‍ രാഷ്ട്രപതിയുടെ ഇടപെടണമെന്നാണ് ആവശ്യം.

മണിപ്പൂരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ 21 പ്രതിപക്ഷ എംപിമാരുടെ സംഘം ജനങ്ങളുമായി സംവദിച്ചിരുന്നു. പ്രതിനിധി സംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും മലകളിലും താഴ്വരയിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയ്ക്ക് പ്രതിപക്ഷ നേതാക്കള്‍ മെമ്മോറാണ്ടം സമര്‍പ്പിക്കുകയും സംസ്ഥാനത്ത് സമാധാനവും ഐക്യവും കൊണ്ടുവരാന്‍ ദുരിതബാധിതരെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.