വന്ദനയ്ക്ക് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ചു;വിതുമ്പിക്കരഞ്ഞ അമ്മയെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് ഗവര്‍ണര്‍

വന്ദനയ്ക്ക് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ചു;വിതുമ്പിക്കരഞ്ഞ അമ്മയെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് ഗവര്‍ണര്‍

തൃശൂര്‍: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ചു.

തൃശൂരില്‍ നടന്ന ചടങ്ങില്‍ വന്ദനയുടെ അച്ഛന്‍ കെ.ജി മോഹന്‍ ദാസും അമ്മ വസന്ത കുമാരിയും ചേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി വന്ദനയ്ക്ക് എംബിബിഎസ് ബിരുദം നല്‍കിയത്. വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് വേദി സാക്ഷിയായത്. ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പികരഞ്ഞ വന്ദനയുടെ അമ്മ വസന്ത കുമാരിയെ ഗവര്‍ണര്‍ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചു.

വന്ദന ദാസിന്റെ പ്രവര്‍ത്തനം മാതൃകയാക്കണമെന്ന് യുവ ഡോക്ടര്‍മാരോട് ബിരുദദാന ചടങ്ങിനിടയുള്ള സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് മെയ് 10 ന് പുലര്‍ച്ചെയാണ് വന്ദന മയക്കുമരുന്നിന് അടിമയായ അധ്യാപകന്റെ കുത്തേറ്റു മരിച്ചത്.

അതേസമയം പ്രതി സന്ദീപിന് തൂക്കുകയര്‍ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി ക്രൈം ബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പരമാവധി തെളിവുകള്‍ ശേഖരിച്ച് 83 ദിവസം നീണ്ട ക്രൈം ബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം. പതിനൊന്ന് വകുപ്പുകളിലുള്ള കുറ്റങ്ങളാണ് സന്ദീപിനെതിരെയുള്ളത്.

കൊലപാതകം (302), കൊലപാതകശ്രമം (307), തെളിവ് നശിപ്പിക്കല്‍ (201), കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ (5062), ആയുധം ഉപയോഗിച്ചുള്ള ആക്രമണം (324), അന്യായ തടസം സൃഷ്ടിക്കല്‍ (341), ആക്രമിച്ച് പരിക്കേല്‍പിക്കല്‍ (323), ഔദ്യോഗിക ജോലി തടസപ്പെടുത്തല്‍ (332),(333), പൊതുസേവകരെ ആക്രമിക്കല്‍ (353) എന്നിവയ്ക്ക് പുറമേ മെഡിക്കല്‍ സര്‍വീസ് സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.