ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്‍റ് ജോർദ്ദാനിലെത്തി

ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്‍റ് ജോർദ്ദാനിലെത്തി

അബുദബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജോർദ്ദാനിലെത്തി. മർക്കാ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യുഎഇ പ്രസിഡന്‍റിനെ ജോർദാൻ രാജാവ് അബ്ദുല്ല ബിൻ അൽ ഹുസൈൻ രണ്ടാമനും കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും ചേർന്ന് സ്വീകരിച്ചു.

ജോർദ്ദാന്‍ പ്രധാനമന്ത്രി ഡോ അയ്മാന്‍ അല്‍ സഫാദി, ഉപ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ജോർദ്ദാനിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പ്രസിഡന്‍റിന് യുഎഇ-ജോർദ്ദാന്‍ ദേശീയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഗാർഡ് ഓഫ് ഓണറും നല്‍കി. നേരത്തെ ജോർദ്ദാന്‍ വ്യോമാതിർത്തിയില്‍ റോയല്‍ ജോർദ്ദാനിയന്‍ എയർഫോഴ്സ് വിമാനങ്ങള്‍ ഷെയ്ഖ് മുഹമ്മദിന്‍റെ വിമാനത്തെ സ്വീകരിച്ച് ആകാശത്ത് അകമ്പടി നല്കിയിരുന്നു.

ജോർദ്ദാന്‍ രാജാവ് അബ്ദുളള രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനുമായി യുഎഇ പ്രസിഡന്‍റ് കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ഇരുവരും അവലോകനം ചെയ്തു. ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുളള കൂടുതല്‍ അവസരങ്ങളെ കുറിച്ചും ഇരുവരും സംസാരിച്ചു. പ്രാദേശികവും അന്തർദേശീയവുമായ നിരവധി സംഭവവികാസങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.അമ്മാനിലെ ബാസ്മാൻ പാലസിലായിരുന്നു കൂടിക്കാഴ്ച.

ഇരു രാജ്യങ്ങളിലെയും സുസ്ഥിര വികസനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സാമ്പത്തിക പങ്കാളിത്തം, നിക്ഷേപം, വികസന അവസരങ്ങൾ, തന്ത്രപ്രധാന മേഖലകളിലുടനീളം സഹകരണം വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെന്നിവയും കൂടികാഴ്ചയില്‍ വിഷയമായി. യുഎഇ വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മന്‍സൂർ ബിന്‍ സായിദ് അല്‍ നഹ്യാനും, അബുദബി ഉപ ഭരണാധികാരി ഷെയ്ഖ് ഹസാ ബിന്‍ സായിദ അല്‍ നഹ്യാന്‍ ഉള്‍പ്പടെയുളള പ്രമുഖരും സംഘത്തോടൊപ്പമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.