കത്തോലിക്കാ ദേവാലയത്തിന് നേരെ ഇസ്രായേൽ തീവ്ര വാദികളുടെ ആക്രമം; ആശ്രമത്തിനകത്തേക്ക് നുഴഞ്ഞു കയറി പ്രാർത്ഥന തടസപ്പെടുത്തി

കത്തോലിക്കാ ദേവാലയത്തിന് നേരെ ഇസ്രായേൽ തീവ്ര വാദികളുടെ ആക്രമം; ആശ്രമത്തിനകത്തേക്ക് നുഴഞ്ഞു കയറി പ്രാർത്ഥന തടസപ്പെടുത്തി

ജറുസലേം: ഇസ്രയേലിലിലെ പുണ്യ സ്ഥലങ്ങൾക്കു നേരെ ആക്രമണം അഴിച്ചുവിട്ട് തീവ്ര ഇസ്രായേൽ വാദികൾ. ഇസ്രയേലിലെ വടക്കൻ തുറമുഖ നഗരമായ ഹൈഫയിലെ മെൽകൈറ്റ് പള്ളിയിലും സെന്റ് ഏലിയാസ് ആശ്രമത്തിലും അതിക്രമിച്ചു കയറാൻ തീവ്രവാദികൾ പല തവണ ശ്രമം നടത്തി. തൽഫലമായി വിശുദ്ധ സ്ഥലം സംരക്ഷിക്കാൻ ക്രിസ്ത്യാനികൾ കൂടുതൽ നടപടികൾ സ്വീകരിച്ചു. ഇസ്രായേൽ വാദികൾ ആശ്രമത്തിനകത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുകയും പ്രാർത്ഥന തടസപ്പെടുത്തുകയും ചെയ്തു. ഇത് ക്രിസ്ത്യാനികൾക്കിടയിൽ ഭയവും രോഷവും ഉണ്ടാക്കി.

നുഴഞ്ഞു കയറ്റക്കാരെ തടയാനായി ആശ്രമത്തിന് ചുറ്റും ഇരുമ്പ് വേലി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏലിയാ പ്രവാചകനോടുള്ള സ്മണാർത്ഥം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ ആശ്രമം സ്ഥാപിച്ചത്. ഇവിടെ യഹൂദരുടെ ശവ കുടീരങ്ങൾ ഉണ്ടെന്ന വാദം നിരത്തിയാണ് തീവ്രവാദികൾ വിശുദ്ധ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമം നടത്തുന്നത്.

പള്ളിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചവരെ വിശ്വാസികൾ സെന്റ് ഏലിയാസ് പള്ളി അങ്കണത്തിൽ തടഞ്ഞു. ക്രിസ്ത്യൻ പുരോഹിതർക്കും പുണ്യ സ്ഥലങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ കത്തോലിക്കാ സഭകളുടെ തലവന്മാരുടെ സംഘടനയായ കൗൺസിൽ ഓഫ് ജസ്റ്റിസ് ആൻഡ് പീസ് കമ്മിറ്റി അപലപിച്ചു. ക്രിസ്ത്യൻ പുരോഹിതന്മാർക്ക് നേരെ അടുത്ത മാസങ്ങളിൽ നടന്ന ആക്രമണങ്ങളുടെ എണ്ണം കമ്മിറ്റി ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

വിശുദ്ധ നാട്ടിൽ ക്രിസ്ത്യാനികൾ വർധിച്ചു വരുന്ന പീഡനങ്ങൾ സഹിച്ചു കൊണ്ടിരിക്കുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി നാമകരണം ചെയ്‌ത ആർച്ച് ബിഷപ്പ് പിയർബറ്റിസ്റ്റ പിസബല്ല അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇപ്പോഴത്തെ ഭരണം ആക്രമണാത്മക പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ക്രിസ്ത്യാനികൾക്കു നേരെയുള്ള അക്രമണങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുന്നു. ക്രിസ്ത്യാനികൾക്കെതിരായ നടപടികളെ രാഷ്ട്രീയവും സാംസ്കാരികപരവുമായി ന്യായീകരിക്കാൻ സാധിക്കില്ലെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

ജറുസലേമിനും ചുറ്റമുള്ള വിശുദ്ധ പ്രദേശങ്ങളിലും നടക്കുന്ന പ്രകോപനങ്ങളെ ഇസ്ലാമിക് - ക്രിസ്ത്യൻ കമ്മിറ്റിയും അപലപിച്ചു. മേഖലയിലെ ക്രിസ്ത്യാനികളുടെ പുണ്യ സ്ഥലങ്ങൾക്കെതിരെ നടക്കുന്ന ഉപദ്രവങ്ങളോടും ആക്രമണങ്ങളോടും ഉള്ള വിയോജിപ്പ് രേഖപ്പെടുത്തി. ക്രിസ്ത്യൻ മത വിഭാ​ഗങ്ങൾക്കു നേരെ നടക്കുന്ന പ്രവർത്തനങ്ങളെ കമ്മിറ്റി ക്രൂരത എന്നാണ് വിശേഷിപ്പിച്ചത്. യഹൂദ പ്രവാചകന് വേണ്ടി പ്രാർഥന നടത്താനെന്ന വ്യാജേന ആശ്രമത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കമ്മിറ്റി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.

പള്ളികൾക്കുള്ളിൽ യഹൂദരുടെ ശവകുടീരങ്ങൾ ഉണ്ടെന്നുള്ള അവകാശ വാദങ്ങൾ പുണ്യ സ്ഥലങ്ങൾ പിടിച്ചെടുക്കാനുള്ള കാരണമായി ഉപയോഗിക്കുന്നുവെന്ന് കമ്മിറ്റി സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.