ജോസ്‌വിന്‍ കാട്ടൂര്‍
വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ ദിനവും മനുഷ്യക്കടത്തിനെതിരെയുള്ള ദിനവുമായിരുന്നു ജൂലായ് 30-ന്. അതോടനുബസിച്ച് അന്നേ ദിവസം പതിവുപോലെയുള്ള ത്രികാല പ്രാര്‍ത്ഥനയ്ക്കുശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു. ആദ്യത്തേത്, വ്യക്തികള്‍ തമ്മിലും സംസ്‌കാരങ്ങള്‍ തമ്മിലുമുള്ള സൗഹൃദത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുമ്പോള്‍ രണ്ടാത്തേത്, വ്യക്തികളെ വ്യാപാരച്ചരക്കുകളായി തരംതാഴ്ത്തുന്ന മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യത്തെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആചരിക്കുന്നതെന്ന് മാര്‍പ്പാപ്പാ പറഞ്ഞു.
മനുഷ്യക്കടത്ത് വളരെയധികം ആളുകളെ ബാധിക്കുന്ന ഭയാനകമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഇതിലൂടെ അനേകം ആളുകള്‍ ചൂഷണത്തിന് ഇരകളാക്കപ്പെടുന്നു. കുട്ടികള്‍, സ്ത്രീകള്‍, തൊഴിലാളികള്‍ തുടങ്ങി നിരവധി ആളുകള്‍ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുകയും സമൂഹത്തിന്റെ നിസംഗതയും തിരസ്‌കരണവും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു - പാപ്പാ അഭിപ്രായപ്പെട്ടു.
മനുഷ്യക്കടത്ത് എന്ന ഗുരുതരമായ കുറ്റകൃത്യം, ഇന്ന് ലോകത്ത് വ്യാപകമാണെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെയും ഇരകള്‍ക്ക് അവര്‍ നല്‍കുന്ന സഹായങ്ങളെയും പാപ്പാ അഭിനന്ദിക്കുകയും മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ദൈവാനുഗ്രഹം ആശംസിക്കുകയും ചെയ്തു.
മനുഷ്യക്കടത്തിനെതിരായ ലോക ദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയമായി ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്നത്, 'ഇരയാക്കപ്പെട്ട എല്ലാവരിലേക്കും എത്തിച്ചേരുക, ആരെയും അവഗണിക്കരുത്' എന്നാണ്.
മനുഷ്യക്കടത്തെന്ന ആപത്കരമായ യാഥാര്‍ത്ഥ്യത്തെ ഫ്രാന്‍സിസ് പാപ്പാ പല അവസരങ്ങളിലും എടുത്തുപറയുകയും ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്. 'മനുഷ്യക്കടത്ത് മനുഷ്യന്റെ അന്തസിന് ക്ഷതമേല്‍പ്പിക്കുന്നു. ചൂഷണത്തിലൂടെയും കീഴ്‌പ്പെടുത്തലിലൂടെയും അവന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തി, കേവലം ഉപഭോഗവസ്തുക്കളാക്കി തരംതാഴ്ത്തുന്നു. തീര്‍ത്തും അനീതിപരവും ദുഷ്ടത നിറഞ്ഞതുമായ ലാഭേച്ഛ മൂലം ലക്ഷക്കണക്കിന് ആളുകളാണ് ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലേക്ക് തള്ളിവിടപ്പെടുന്നത്' - ഇവയെല്ലാം പാപ്പാ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്.
ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മിഷന്‍ (ICMC) സെക്രട്ടറി ജനറല്‍ മോണ്‍. റോബര്‍ട്ട് വിത്തില്ലോ വത്തിക്കാന്‍ റേഡിയോയിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍, പരിശുദ്ധ പിതാവിന്റെ വാക്കുകളെ ശക്തമായി പിന്തുണച്ചു. 'ആഗോള സാമ്പത്തിക പ്രതിസന്ധികളും സംഘര്‍ഷങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും അസമത്വങ്ങളും മൂലം, ലോകമെമ്പാടുമുള്ള മനുഷ്യക്കടത്തും അതോടനുബന്ധിച്ചുള്ള അപകട സാധ്യതകളും സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ കുറ്റകൃത്യത്തിന്മേലുള്ള ശിക്ഷാ നടപടികളുടെ നിരക്ക് ആഗോളതലത്തില്‍ കുറഞ്ഞു വരുന്നതായും കാണുന്നു. ഈ കാരണത്താല്‍, സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് ഈ വിപത്തിന് ഇരകളായിക്കൊണ്ടിരിക്കുന്നത്' - കമ്മിഷന്റെ പ്രസ്താവനയില്‍ പറയുന്നു.
ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കാത്തലിക് മൈഗ്രേഷന്‍ കമ്മിഷന്‍, കുടിയേറ്റക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു. വിവിധ രാജ്യങ്ങളില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന കത്തോലിക്കാ സംഘടനകളെ ഏകോപിപ്പിക്കുകയും മനുഷ്യക്കടത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരികയും ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.