പ്രത്യാശയുടെ സ്പര്‍ശമായ ലിസ്ബണിലെ കരുണ്യോദ്യാനം മാര്‍പ്പാപ്പ സന്ദര്‍ശിക്കും

പ്രത്യാശയുടെ സ്പര്‍ശമായ ലിസ്ബണിലെ കരുണ്യോദ്യാനം മാര്‍പ്പാപ്പ സന്ദര്‍ശിക്കും

ലിസ്ബണ്‍: ലോക യുവജന സംഗമം ഏറ്റവും അനുഗ്രഹീതമായും ഊര്‍ജസ്വലമായും ലിസ്ബണില്‍ മുന്നോട്ടുപോകുമ്പോള്‍ ഏറ്റവും സജീവമായ ഇടങ്ങളിലൊന്നാണ് കരുണ്യോദ്യാനം (പാര്‍ക്ക് ഡോ പെര്‍ഡോ) എന്നു പേരിട്ട കുമ്പസാര വേദി. തടി കൊണ്ട് നിര്‍മിച്ച 150 മനോഹരമായ കുമ്പസാരക്കൂടുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

പാപത്താല്‍ വ്രണിതമായ ആത്മാവിന് സൗഖ്യവും ദൈവവപ്രസാദവും തിരികെ കൊടുക്കുന്ന ഈ കുമ്പസാരക്കൂടുകളിലേക്ക് നിരവധി യുവജനങ്ങളാണ് ആശ്വാസം തേടി എത്തുന്നത്. ഇത്രയേറെപ്പേര്‍ക്ക് ഒരുമിച്ച് കുമ്പസാരിക്കാന്‍ സൗകര്യമുള്ള വേദി ലോകത്ത് വേറെയുണ്ടാവില്ല എന്നതാണ് ലിസ്ബണിലെ യുവജന സംഗമത്തിന്റെ പ്രത്യേകത.

ഇന്നു ഫ്രാന്‍സിസ് പാപ്പയും കാരുണ്യോദ്യാനത്തിലെത്തും, അവിടെ വൈദികരോടൊപ്പം ഫ്രാന്‍സിസ് പാപ്പയും കാരുണ്യോദ്യാനത്തിലെത്തി അനുരഞ്ജനത്തിന്റെ കൂദാശ പരികര്‍മം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഈ കുമ്പസാര കൂടുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് അറിയുമ്പോഴാണ് അതിന്റെ പ്രസക്തി വീണ്ടും വര്‍ധിക്കുന്നത്. മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നവരാണ് അതിന്റെ സൃഷ്ടാക്കള്‍. ജീവിതത്തിന്റെ ദിശ മാറ്റാന്‍ സഹായിച്ച ദൈവനിയോഗമായാണ് ഈ കുമ്പസാര കൂടുകളുടെ നിര്‍മാണത്തെ അവര്‍ സമീപിച്ചത്.

അറിഞ്ഞും അറിയാതെയും ചെയ്തുപോയ കുറ്റങ്ങളോടുള്ള പ്രായശ്ചിത്തമെന്നുതന്നെ വിശേഷിപ്പിക്കാം ലോക യുവജന സംഗമത്തിന് അവര്‍ കൈമാറിയ ഈ സമ്മാനം. 2019ല്‍ പാനമ ആതിഥേയത്വം വഹിച്ച ലോക യുവജന സംഗമത്തിന്‍ കുമ്പസാരക്കൂടുകള്‍ ഒരുക്കിയതും ജയില്‍ പുള്ളികളായിരുന്നു.

ആത്മീയ വിശുദ്ധിക്ക് വഴിയൊരുക്കുന്ന അനുരജ്ഞന കൂദാശയ്ക്കായി കുമ്പസാരക്കൂടുകള്‍ നിര്‍മിക്കുമ്പോള്‍ തങ്ങള്‍ക്കും ആത്മീയവിശുദ്ധിയും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവര്‍.

പോര്‍ച്ചുഗലിലെ കോയിംബ്ര, പാക്കോസ് ഡി ഫെരേര, പോര്‍ട്ടോ എന്നീ ജയിലുകളിലെ തടവുകാര്‍ ചേര്‍ന്നാണ് 150 കുമ്പസാരക്കൂടുകള്‍ ഒരുക്കിയത്. ഓരോ ജയില്‍ യൂണിറ്റും 50 കുമ്പസാരക്കൂടുകള്‍ വീതം നിര്‍മിച്ചു. പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ കൊണ്ടാണ് നിര്‍മാണം. പോര്‍ച്ചുഗീസ് വീടുകളുടെ രൂപസാദൃശ്യത്തോടെ നിര്‍മിച്ച കൂടുകള്‍ യൂത്ത് ഡേയുടെ വോളണ്ടിയേഴ്‌സാണ് ഡിസൈന്‍ ചെയ്തത്.

മേല്‍ക്കൂരയും വലതു പാര്‍ശ്വഭിത്തിയും കൂടിച്ചേരുമ്പോള്‍ രൂപപ്പെടുന്ന കുരിശടയാളവും ശ്രദ്ധേയമാണ്. പേപ്പല്‍ പതാകയെ അനുസ്മരിപ്പിക്കുംവിധം മഞ്ഞ, വെള്ള നിറങ്ങളുടെ ബോര്‍ഡറുമുണ്ട്. കൂടാതെ ലോക യുവജന സംഗമത്തിന്റെ ലോഗോയും ഉള്‍പ്പെടുത്തി. വിവിധ ഭാഷകളില്‍ കുമ്പസാരിക്കാന്‍ സൗകര്യം ഇവിടെയുണ്ടാകും. അതില്‍ തമിഴ്, ഹിന്ദി, ബംഗാളി എന്നീ ഇന്ത്യന്‍ ഭാഷകളും ഉള്‍പ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.