വത്തിക്കാന്‍ സിറ്റി: അടുത്തകാലത്തായി ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെക്കുറിച്ചും അതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും തുറന്ന സംവാദത്തിനൊരുങ്ങി വത്തിക്കാന്‍. ജനുവരി ഒന്നിന് ആഗോള കത്തോലിക്കാ സഭ ആചരിക്കുന്ന വിശ്വശാന്തി ദിനത്തിന്റെ പ്രമേയമായി ഫ്രാന്‍സിസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത് 'നിര്‍മ്മിത ബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സമാധാനവും' എന്ന വിഷയമാണ്.
വത്തിക്കാനിലെ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് ഈ പ്രമേയം വെളിപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. വിനാശകരമായ സാധ്യതകളും അനിശ്ചിതമായ അനന്തരഫലങ്ങളും ഉളവാക്കുന്ന ഈ പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് ഒരു തുറന്ന സംവാദത്തിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നതെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളിലും വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിലും, രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ എന്നിവയിലും വലിയ സ്വാധീനം ചെലുത്തുന്നു. അതേസമയം, അനീതിയും അസമത്വവും സംഘര്‍ഷങ്ങളും വിദ്വേഷവും ഊട്ടിവളര്‍ത്താന്‍ അവ ഉപയോഗിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആശയവും ഉപയോഗവും ഉത്തരവാദിത്വത്തോടെയും സുരക്ഷിതമായും നിര്‍വഹിക്കേണ്ടതിന്റെ ആവശ്യകത വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിയുടെ അന്തസിന്റെ സംരക്ഷണത്തിനും ലോകത്തില്‍ നീതിയും സമാധാനവും പ്രോത്സാഹിപ്പിക്കാനും ഇത്തരം സാങ്കേതികവിദ്യകള്‍ സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.