കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കുക.
നാളെ ജില്ലാ കമ്മിറ്റി ചേര്‍ന്ന ശേഷം കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകരുതെന്ന് സിപിഎമ്മില്‍ പൊതു അഭിപ്രായമുണ്ട്.
പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് തന്നെ അങ്കത്തിനിറങ്ങാനാണ് കൂടുതല്‍ സാധ്യത. ജയ്ക്കിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം കോട്ടയം ജില്ലാ കമ്മിറ്റിക്കുണ്ട്. അദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് ജെയ്ക് മത്സരിക്കണമെന്ന അഭിപ്രായമാണുള്ളത്.
ജെയ്ക്കിന് പുറമെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എം രാധാകൃഷ്ണന്‍, റെജി സഖറിയ,പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി. വര്‍ഗീസ് എന്നിവരുടെ പേരും ചര്‍ച്ചയിലുള്ളത്. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയുടെ കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍ രാഷ്ട്രീയ പോരാട്ടം നടക്കുമ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരം നടക്കണമെന്ന അഭിപ്രായവും ശക്തമാണ്.
അതേസമയം ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ ഇന്നു മുതല്‍ മുഴുവന്‍ സമയ പ്രവര്‍ത്തനം തുടങ്ങും. പ്രധാന വ്യക്തികളെ കാണുന്നതിനൊപ്പം തിരഞ്ഞെടുപ്പ് യോഗങ്ങളിലും ചാണ്ടി ഉമ്മന്‍ പങ്കെടുക്കും.
എല്‍ഡിഎഫിന്റെ വാര്‍ഡ് കണ്‍വന്‍ഷനുകള്‍ക്കും ഇന്ന് തുടക്കമാകും. സിപിഎം നേതാക്കള്‍ക്ക് പുറമെ ഘടകകക്ഷി നേതാക്കള്‍ക്കും വാര്‍ഡുകളുടെ ചുമതല വീതിച്ചു നല്‍കാന്‍ എല്‍ഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചിരുന്നു.
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിജെപിയുടെ സംസ്ഥാന നേതാക്കളും ഇന്ന് മുതല്‍ പുതുപ്പള്ളിയില്‍ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.