'എനിക്ക് സൂര്യനെയും മക്കളെയും മിസ് ചെയ്യുന്നു'; ചൈനീസ് തടങ്കലിലെ ഇരുട്ടറയില്‍നിന്ന് വികാരാധീനമായ കത്ത് എഴുതി ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക

'എനിക്ക് സൂര്യനെയും മക്കളെയും മിസ് ചെയ്യുന്നു'; ചൈനീസ് തടങ്കലിലെ ഇരുട്ടറയില്‍നിന്ന് വികാരാധീനമായ കത്ത് എഴുതി ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക

ബീജിങ്: ചൈനീസ് തടങ്കലിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ഏകാന്തതയെക്കുറിച്ചുമുള്ള വേദനകള്‍ പങ്കുവച്ച് ഓസ്ട്രേലിയന്‍ പൗരയായ മാധ്യമപ്രവര്‍ത്തകയുടെ കത്ത്. ചാരവൃത്തി കേസില്‍ ചൈനയില്‍ ജയിലില്‍ കഴിയുന്ന ഓസ്ട്രേലിയന്‍ മാദ്ധ്യമ പ്രവര്‍ത്തകയായ ചെങ് ലീയാണ് ഓസ്ട്രേലിയന്‍ ജനതയെ അഭിസംബോധന ചെയ്ത് തുറന്ന കത്ത് അയച്ചത്. ഒരു വര്‍ഷത്തില്‍ ആകെ 10 മണിക്കൂര്‍ മാത്രം വെയില്‍ കൊള്ളാന്‍ അനുവാദമുള്ള തന്റെ വിചാരണ തടവിനെ കുറിച്ചാണ് കത്തില്‍ ചെങ് ലീ വിവരിക്കുന്നത്.

തടങ്കലിലായി മൂന്ന് വര്‍ഷം തികയുന്ന വേളയിലാണ് ചെങ് ലീ കത്ത് എഴുതിയിരിക്കുന്നത്. ചാരക്കേസില്‍ കഴിഞ്ഞ വര്‍ഷം ചെങ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല. ഇതാദ്യമായാണ് ചെങ് ലീ പരസ്യമായി പുറംലോകത്തോടു സംസാരിക്കുന്നത്.

ഞാന്‍ സൂര്യനെ മിസ് ചെയ്യുന്നു എന്ന് തുടങ്ങുന്ന കത്തില്‍ മക്കളെക്കുറിച്ചും ഏറെ വൈകാരികമായി പറയുന്നുണ്ട്.

ചൈനയിലെ സ്റ്റേറ്റ് ബ്രോഡ്കാസറ്ററിന് വേണ്ടി സേവനം അനുഷ്ഠിച്ച ചൈനീസ്-ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയാണ് ചിങ് ലീ. ചൈനയും ഓസ്‌ട്രേലിയയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സമയത്താണ് ചെങ്ങിനെ തടവിലാക്കിയത്. വിദേശത്ത് സ്റ്റേറ്റ് രഹസ്യങ്ങള്‍ വിതരണം ചെയ്തു എന്നാണ് മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് എതിരെയുള്ള കുറ്റം.

'പ്രകൃതിയിലൂടെയുള്ള സഞ്ചാരം, നദികള്‍, കടലിലെ നീന്തല്‍, വിനോദ യാത്രകള്‍, ആനന്ദകരമായ സായാഹ്നങ്ങള്‍, നക്ഷത്രങ്ങളാല്‍ തിളങ്ങുന്ന ആകാശം, പ്രകൃതിയുടെ നിഗൂഢമായ സംഗീതം... ഇവയെല്ലാം ഞാന്‍ ഓര്‍ക്കുകയാണ്' - ചിങ്ങിന്റെ പങ്കാളി നിക് കോയില്‍ പങ്കുവച്ച കത്തില്‍ എഴുതിയിരിക്കുന്നു. തടങ്കലിലാക്കപ്പെട്ടതിന് ശേഷം തനിക്ക് സൂര്യപ്രകാശം നഷ്ടമായി എന്നും ചെങ് കത്തില്‍ പറയുന്നുണ്ട്.

'എന്റെ സെല്ലിന്റെ ജാലകത്തിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നുണ്ട്. പക്ഷേ വര്‍ഷത്തില്‍ 10 മണിക്കൂര്‍ മാത്രമേ എനിക്ക് സൂര്യപ്രകാശം ആസ്വദിക്കാന്‍ അനുവാദമുള്ളു' - ചെങ് പറയുന്നു.

ചെങ്ങിനും കുടുംബത്തിനും രാജ്യത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. ചെങ്ങിന്റെ ക്ഷേമത്തിനുവേണ്ടി വാദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ചെങ് അയച്ച കത്ത് നമ്മുടെ രാജ്യത്തോടുള്ള അഗാധമായ സ്നേഹം വിളിച്ചോതുന്നതാണ്. അവര്‍ കുടുംബവുമായി വീണ്ടും ഒന്നിക്കുന്നത് കാണാനായി രാജ്യത്തെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. ഓസ്ട്രേലിയ സ്ഥിരമായി ചെങ്ങിന് വേണ്ടി വാദിക്കുന്നു. ഒപ്പം നീതി, മാനുഷിക പരിഗണന എന്നിവ ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്' -വോങ് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തനിക്ക് എഴുത്ത് എഴുതാന്‍ ചെങ്ങിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് കോയില്‍ വ്യക്തമാക്കി. എല്ലാ മാസവും ഒരു കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനുമായി നേരില്‍ സംസാരിക്കാനും ആ ഉദ്യോഗസ്ഥന്റെ പക്കല്‍ എഴുത്തുകള്‍ കൊടുത്തയക്കാനും ചെങ്ങിന് അനുവാദമുണ്ടെന്ന് കോയില്‍ പറഞ്ഞു.

'സുരക്ഷ മന്ത്രാലയത്തിന് കീഴിലുള്ള തടങ്കല്‍ കേന്ദ്രത്തിലാണ് ചെങ്ങിനെ പാര്‍പ്പിച്ചിരിക്കുന്നത്. കുട്ടികളെ ഏറെ നാളായി പിരിഞ്ഞു നില്‍ക്കുക എന്നത് അവള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്' -കോയില്‍ പറഞ്ഞു. 'ചെങ് തടവിലാക്കപ്പെട്ട സമയത്താണ് മകള്‍ ഹൈസ്‌കൂളിലേക്ക് പ്രവേശിച്ചത്. മകന്‍ ഉടന്‍ ഹൈസ്‌കൂള്‍ തലത്തിലെത്തും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എല്ലാത്തിനും ഉപരിയായി ഞാന്‍ എന്റെ കുട്ടികളെ മിസ് ചെയ്യുന്നു' എന്നു പറഞ്ഞുകൊണ്ടാണ് ചെങ് കത്ത് അവസാനിപ്പിക്കുന്നത്. മുത്തശ്ശിക്കൊപ്പമാണ് കുട്ടികള്‍ ഇപ്പോഴുള്ളത്.

10 വയസുള്ളപ്പോഴാണ് ചെങ് ലീ ചൈനയില്‍ നിന്ന് ഓസ്ട്രേലിയയിലെ മെല്‍ബണിലെത്തുന്നത്. പിന്നീടുള്ള വിദ്യാഭ്യാസമെല്ലാം ഇവിടെയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.