'മണിപ്പൂര്‍ കത്തുമ്പോള്‍ നാണമില്ലാതെ ചിരിക്കുന്ന പ്രധാനമന്ത്രി': മോഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'മണിപ്പൂര്‍ കത്തുമ്പോള്‍ നാണമില്ലാതെ ചിരിക്കുന്ന പ്രധാനമന്ത്രി': മോഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. മാസങ്ങളായി മണിപ്പൂര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് രാഹുല്‍ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നല്‍കിയ മറുപടിയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രണ്ടു മണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ മണിപ്പൂരിനായി രണ്ട് മിനിറ്റ് മാത്രമാണ് നീക്കിവച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഇന്നലെ രണ്ട് മണിക്കൂര്‍ ചിരിച്ചും തമാശ പറഞ്ഞും മുദ്രാവാക്യം മുഴക്കിയും സംസാരിക്കുന്നത് കണ്ടു. മണിപ്പൂര്‍ സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണെന്നും അവിടെ ആളുകള്‍ മരിച്ചെന്നും പ്രധാനമന്ത്രി മറന്നതായി തോന്നുന്നു. പാര്‍ലമെന്റിന്റെ നടുത്തളത്തിലിരുന്ന് പ്രധാനമന്ത്രി നാണമില്ലാതെ ചിരിക്കുകയായിരുന്നു. ഇന്നലത്തെ വിഷയം കോണ്‍ഗ്രസോ താനോ ആയിരുന്നില്ല. മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ട് അതു തടയുന്നില്ല എന്നതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ 19 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്, മിക്കവാറും എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മണിപ്പൂരില്‍ താന്‍ കണ്ടതും കേട്ടതും ഇതുവരെയില്ലാത്ത കാര്യങ്ങളാണ്. മണിപ്പുരിനെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതുപോലെ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എങ്ങനെ സംസാരിക്കാനാകുമെന്ന് മനസിലാകുന്നില്ല. മണിപ്പുരിലെ അക്രമം തടയാന്‍ പ്രധാനമന്ത്രിക്ക് കഴിയും. പക്ഷെ അദ്ദേഹം അതു ചെയ്യുന്നില്ല. അദ്ദേഹം അവിടെ പോകുകയെങ്കിലും ചെയ്യണം. ഇന്ത്യന്‍ സൈന്യത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. സൈന്യത്തിന് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ അവിടെ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ സര്‍ക്കാര്‍ അതിന് മുതിരുന്നില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂരില്‍ ഭാരത മാതാവിനെ കൊലപ്പെടുത്തിയെന്ന തന്റെ പരാമര്‍ശം പൊള്ളയായ വാക്കുകളല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മണിപ്പൂരില്‍ ഭാരത് മാതാവ് കൊല്ലപ്പെട്ടെന്നു പറഞ്ഞത് മണിപ്പൂര്‍ ഇപ്പോള്‍ ഇല്ലെന്ന് അറിയാമായിരുന്നതിനാലാണ്. മണിപ്പൂരില്‍ ഹിന്ദുസ്ഥാനെ ബിജെപി കൊലപ്പെടുത്തി. ഭാരത് മാതായ്ക്കെതിരെ എവിടെ ആക്രമണമുണ്ടായാലും അതു തടയാന്‍ താന്‍ ശ്രമിച്ചിരുന്നതായും പാര്‍ലമെന്റ് രേഖകളില്‍ നിന്ന് ആദ്യമായി ഭാരത് മാതാ എന്ന വാക്കു നീക്കം ചെയ്തത് അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.