യോഗി സര്‍ക്കാരിന്റെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

 യോഗി സര്‍ക്കാരിന്റെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: യോഗി ആദിത്യതനാഥ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. 2017 മുതലുള്ള 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജസ്റ്റിസുമാരായ എസ്. രവീന്ദ്രഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി യൂപിയില്‍ നടന്ന 183 പൊലീസ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ മുന്‍ സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന അഡ്വ. വിശാല്‍ തിവാരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ മാര്‍ഗ രേഖയ്ക്ക് സമാനമായ പൊതു മാര്‍ഗ നിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

ഏതൊക്കെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. അതേസമയം നടപടികള്‍ വിശദീകരിച്ച് സംസ്ഥാനം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും ആതിഖിന്റെയും സഹോദരന്റെയും കൊലപാതത്തില്‍ സംസ്ഥാനം രൂപീകരിച്ച കമ്മീഷനുകളുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും യൂ.പി അഡ്വ. ജനറല്‍ ബെഞ്ചിനെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.