ആലപ്പുഴ: കായലിലും കരയിലും ഒരു പോലെ ആവേശം നിറച്ച 69ാമത് നെഹ്രു ട്രോഫിയിൽ വിജയ കിരീടത്തിൽ മുത്തമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ. പള്ളാത്തുരുത്തി തുടർച്ചയായി നാലാം തവണയാണ് നെഹ്റു ട്രോഫി നേടുന്നത്, പുന്നമടക്കായലിനെ ആവേശത്തിമിര്‍പ്പിലാക്കി നടന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലിൽ വീയാപുരം, നടുഭാഗം, ചമ്പക്കുളം, കാട്ടിൽ തെക്കേതിൽ എന്നീ നാല് വള്ളങ്ങളാണ് മത്സരിച്ചത്. ചമ്പക്കുളം ചുണ്ടൻ രണ്ടാമതെത്തി.
4 മിനിറ്റ് 21.22 സെക്കൻഡിലാണ് വീയപുരം ഫൈനലിൽ ഫിനിഷ് ചെയ്തത്. ചമ്പക്കുളം (4.21.28), നടുഭാഗം (4.22.22), കാട്ടിൽതെക്കേതിൽ (4.22.63) എന്നിങ്ങനെയാണ് മറ്റു വള്ളങ്ങളുടെ ഫിനിഷിങ് സമയം. ഹീറ്റ്സ് മൽസരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച നാലു വള്ളങ്ങളായിരുന്നു ഫൈനലിൽ മാറ്റുരച്ചത്. അഞ്ച് ഹീറ്റ്സുകളായി നടന്ന മൽസരത്തിൽ ഏറ്റവും മികച്ച സമയം കുറിച്ചത് വീയപുരം ചുണ്ടനായിരുന്നു (4.18.80).
ആദ്യ പകുതി സമയത്തുണ്ടായ മഴയ്ക്കും ആകാശത്തോളം ഉയർന്ന കാണികളുടെ ആവേശം കെടുത്താൻ ആയില്ല. ഓളപ്പരപ്പിലെ പൂരം ഉദ്‌ഘാടനം ചെയ്യാൻ മോശം കാലാവസ്ഥ കാരണം മുഖ്യമന്ത്രി എത്തിയില്ല. മുഖ്യ മന്ത്രിക്ക് പകരമായി മന്ത്രി സജി ചെറിയാൻ 69 മത് നെഹ്രുട്രോഫി ജലോത്സവം ഉദ്‌ഘാടനം ചെയ്തു.
ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി അബ്ദുറഹിമാൻ, കെ രാജൻ, വീണാ ജോര്‍ജ്, സജി ചെറിയാൻ, എംബി രാജേഷ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, സതേണ്‍ എയര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്‌തു. മാസ് ഡ്രില്ലിന് ശേഷം മത്സര വള്ളങ്ങൾ സ്റ്റാർട്ടിങ് പോയിന്റിലെത്തി. വെപ്പ് , ചുരുളൻ , ഇരുട്ട്കുത്തി , തെക്കനോടി തുടങ്ങി ഒമ്പത് വിഭാഗങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 72 ജലയാനങ്ങൾ മത്സരത്തിനിറങ്ങിയത്.മുൻ വർഷത്തെ ചാമ്പ്യന്മാരായ കാട്ടിൽ തെക്കേതിലും രണ്ടാം സ്ഥാനക്കാരായ നടുഭാഗവുമടക്കം 19 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണത്തെ അങ്കത്തിനിറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.