കീവ്: ഉക്രെയ്ന്‍ സൈനിക റിക്രൂട്ട്‌മെന്റില്‍ അഴിമതി, കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മേധാവിമാര്‍ക്കെതിരെ നടപടിയെടുത്ത് പ്രസിഡന്റ് സെലന്‍സ്‌കി. രാജ്യത്തെ പ്രാദേശിക സൈനിക റിക്രൂട്ട്‌മെന്റ് സെന്ററുകളുടെ മേധാവിമാരെയെല്ലാം പിരിച്ചുവിട്ടതായി പ്രസിഡന്റ് പ്രഖ്യാപിച്ചു. ഖാര്‍കിവില്‍ റഷ്യയില്‍ നിന്ന് ശക്തമായ തിരിച്ചടി നേരിടുന്നതിനിടെയാണ് രാജ്യത്തെ പുതിയ സംഭവവികാസങ്ങള്‍.
കൈക്കൂലി വാങ്ങി നിര്‍ബന്ധിത സൈനിക സേവനം ഒഴിവാക്കി കൊടുക്കാന്‍ സൈനിക റിക്രൂട്ട്‌മെന്റ് മേധാവികള്‍ ശ്രമിച്ചതായി കണ്ടെത്തി. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തോട് ചെയ്യുന്ന വഞ്ചനയാണ് ഈ നടപടിയെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി. ഇത്തരം സംവിധാനങ്ങള്‍ സുതാര്യതയോടെ പ്രവര്‍ത്തിപ്പിക്കേണ്ടവര്‍ തന്നെ രാജ്യദ്രോഹക്കുറ്റം ചെയ്യുകയാണെന്ന് സെലന്‍സ്‌കി വിലയിരുത്തി.
സൈന്യത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കുന്നതിന് പകരം, പരുക്കേറ്റവരെ സൈന്യത്തില്‍ നിലനിര്‍ത്തി അപമാനിക്കാനാണ് ശ്രമങ്ങള്‍ നടന്നതെന്നും ഉക്രെയ്ന്‍ സര്‍ക്കാര്‍ വിലയിരുത്തി. പല പ്രാദേശിക സൈനിക റിക്രൂട്ട്‌മെന്റ് ഉദ്യോഗസ്ഥരും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ സമ്പാദ്യങ്ങളുണ്ടാക്കിയതായും കണ്ടെത്തി.
രാജ്യത്തെ അഴിമതി ഇല്ലാതാക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് 2019-ല്‍ സെലന്‍സ്‌കി അധികാരത്തില്‍ എത്തിയത്. ഇതിന്റെ ഭാഗമായി യുദ്ധത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ മേഖലകളിലുണ്ടാകുന്ന അഴിമതികളെ സെലന്‍സ്‌കി പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ അഴിമതി ആരോപണ വിധേയനായ മന്ത്രിസഭാംഗം വാസില്‍ ലോസിന്‍സ്‌കിയെ പ്രസിഡന്റ് പിരിച്ചുവിടുകയും ചെയ്തു. ഇതിന് പിന്നാലെ ലോസിന്‍സ്‌കിയുമായി അടുപ്പമുള്ളവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.
'ഒരു വിഭാഗം പണിയെടുത്തപ്പോള്‍, ചിലര്‍ ക്രിപ്റ്റോകറന്‍സി നേടുകയായിരുന്നു, ഇതിന് തെളിവുണ്ട്. സൈനിക ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ 112 ക്രിമിനല്‍ കേസുകള്‍ നടക്കുന്നുണ്ട്. നിയമവിരുദ്ധമായി നേടിയ ഫണ്ടുകള്‍, ഇവ നിയമവിധേയമാക്കുന്നതിനായി നടത്തിയ അട്ടിമറി, നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍, സൈനിക സേവനത്തിന് ബാധ്യസ്ഥരായ വ്യക്തികളെ അതിര്‍ത്തി കടത്തല്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും' - സെലന്‍സ്‌കി വ്യക്തമാക്കി. പ്രാദേശിക റിക്രൂട്ട്മെന്റ് സെന്ററുകളുടെ പുതിയ മേധാവികളെ നിയമിക്കാന്‍ സൈനിക മേധാവിക്ക് സെലന്‍സ്‌കി നിര്‍ദേശം നല്‍കി.
എന്നാല്‍, സൈനിക അഴിമതിയുമായി ബന്ധപ്പെട്ട മറ്റ ചില മേഖലകളെപ്പറ്റി പ്രസിഡന്റ് പരാമര്‍ശിച്ചില്ല. സൈനികര്‍ക്ക് ശൈത്യകാലത്ത് ഉപയോഗിക്കുന്നതിന് തുര്‍ക്കിയില്‍ നിന്നും വാങ്ങിയ കോട്ടുകള്‍ ഉള്‍പ്പെടുന്ന കിറ്റിന് അമിതപണം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 142,000 ഡോളര്‍ വിലയുള്ളവ 421,000 ഡോളര്‍ നല്‍കിയാണ് വാങ്ങിയതെന്നാണ് ആരോപണം. വിഷയത്തില്‍ ജൂണ്‍ മുതല്‍ അന്വേഷണം നടന്നുവരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.