ജോസ്‌വിന്‍ കാട്ടൂര്‍
വത്തിക്കാന്‍ സിറ്റി: റോമാ രൂപതയിലെ വൈദികരോട്, അവരുടെ വിലപ്പെട്ട ശുശ്രൂകള്‍ക്ക് നന്ദി അറിയിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പലപ്പോഴും മറഞ്ഞിരിക്കുന്നതും അതിനാല്‍, പരിഗണിക്കപ്പെടാതെ പോകുന്നതുമാണ് വൈദികരുടെ ശുശ്രൂഷകളെന്ന് പാപ്പാ പറഞ്ഞു. അവരുടെ സന്തോഷങ്ങളിലും സഹനങ്ങളിലും താന്‍ അവര്‍ക്കൊപ്പമുണ്ടെന്ന് പാപ്പാ ഉറപ്പു നല്‍കി. ആത്മീയതയിലെ പ്രകടനപരത, ദൈവമഹത്വത്തിനു പകരം മനുഷ്യരില്‍ നിന്നുള്ള മഹത്വം ആഗ്രഹിക്കാനുള്ള പ്രലോഭനം എന്നിവയ്‌ക്കെതിരെ പാപ്പാ വൈദികര്‍ക്ക് മുന്നറിയിപ്പും നല്‍കി.
റോമിലെ പ്രസിദ്ധമായ മേരി മേജര്‍ ബസിലിക്കയുടെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച്, റോമാ രൂപതയുടെ മെത്രാന്‍ എന്ന നിലയില്‍, വൈദികര്‍ക്കായി എഴുതിയ കത്തിലാണ് പരിശുദ്ധ പിതാവ് ഈ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഒരു ഇടയന്റെ ജാഗ്രതയും പിതാവിന്റെ കരുതലും കത്തിലുടനീളം കാണാവുന്നതാണ്. പൗരോഹിത്യ ശുശ്രൂഷയില്‍ അവര്‍ വീണു പോകാന്‍ ഇടയുള്ള വിവിധങ്ങളായ പ്രലോഭനങ്ങളെക്കുറിച്ച് പാപ്പാ അവരെ ഓര്‍മ്മപ്പെടുത്തി. സിനഡാത്മക ചൈതന്യത്തോടെ അല്‍മായര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്നുകൊണ്ട് വൈദികര്‍ തങ്ങളുടെ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു.
വൈദികര്‍ തങ്ങളുടെ വിളിയിലും ശുശ്രൂഷയിലും അനുഭവിക്കാനിടയുള്ള നൈരാശ്യത്തെക്കുറിച്ച്, മുമ്പ് പലയവസരങ്ങളിലും പാപ്പാ ചൂണ്ടിക്കാണിച്ചിട്ടുളളതുപോലെ ഈ കത്തിലും പാപ്പാ എടുത്തുപറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ ഭാരങ്ങള്‍ അവര്‍ വഹിക്കേണ്ടിവരുമെന്നും ഉത്തരവാദിത്തങ്ങള്‍ മൂലമുള്ള തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.
ലൗകീകതയും വൈദിക മേധാവിത്വവും
ആത്മീയ മേഖലയിലേക്കുള്ള ലൗകീകതയുടെ കടന്നുകയറ്റം മൂലം ആത്മീയത കേവലം പ്രകടനം മാത്രമായി തരംതാഴാനുള്ള അപകട സാധ്യതയെക്കുറിച്ച് മാര്‍പ്പാപ്പ വൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒരു പക്ഷെ, നാം അറിയാതെയായിരിക്കും ലോകാരൂപിക്ക് നാം വശംവദരായിപ്പോകുന്നത്. പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ആഴപ്പെട്ടുകൊണ്ട് ഇതിനെതിരെ നാം പോരാടണം. 'വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ ആത്മീയ കച്ചവടക്കാരായി നിങ്ങള്‍ മാറരുത്'- പാപ്പാ നിര്‍ദേശിച്ചു.
ഫ്രാന്‍സിസ് പാപ്പ തുടര്‍ന്നു: കേവലം ക്ഷണികമായവയില്‍ ആകൃഷ്ടരായി, അധികാരത്തിനും പ്രശസ്തിക്കും പിന്നാലെ പരക്കംപാഞ്ഞാല്‍, ഒടുവില്‍ നാം എത്തിച്ചേരുക ആത്മപ്രശംസ, സ്വയാരാധന, സൈദ്ധാന്തികമായ മര്‍ക്കടമുഷ്ടി, ആരാധനക്രമ അപചയങ്ങള്‍ എന്നിവയിലായിരിക്കും. ഇവയെ കപട മതാത്മകയ്ക്കു പിന്നില്‍ അധികനാള്‍ ഒളിപ്പിക്കാനാവില്ല.
നാം അറിയാതെതന്നെ പ്രകടിപ്പിക്കുന്ന മേധാവിത്വ മനോഭാവത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായിരിക്കണമെന്നും, ഇത് ഒരു വയോധികന്റെ ഹൃദയത്തില്‍ നിന്നുള്ള അഭ്യര്‍ത്ഥനയായി സ്വീകരിക്കണമെന്നും പാപ്പ അവര്‍ക്കെഴുതി. കാരണം, ഇത്തരത്തിലുള്ള മനോഭാവമാണ് ദൈവജനത്തില്‍ നിന്ന് നമ്മെ അകറ്റി, അവരെക്കാള്‍ ഉയര്‍ന്ന ഒരു തലത്തിലേക്ക് സ്വയം പ്രതിഷ്ഠിക്കാന്‍ ഇടയാക്കുന്നത്.
സ്വന്തം പ്രതിഛായയും വിജയവും മാത്രം ലക്ഷ്യമാക്കി മുന്നോട്ടു പോയാല്‍, ഉള്ളിലുള്ള കാപട്യത്തെക്കുറിച്ചും എളിമയില്ലായ്മയെക്കുറിച്ചുമുള്ള അവബോധം ഒരിക്കലും ഉണ്ടാകാനിടയില്ല. അത് നമ്മെ എസക്കിയേലിന്റെ പുസ്തകത്തില്‍ പറയുന്ന 'ആടുകളുടെ പാല്‍ കുടിച്ചു കൊഴുക്കുന്ന' ഇടയന്മാരെപ്പോലെ, വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രം കാംക്ഷിക്കുന്നവരാക്കി മാറ്റും - പാപ്പാ ഓര്‍മ്മപെടുത്തി.
യേശുവിനെ നോക്കുക
സ്തുതിയും കൃതജ്ഞതയും നിറഞ്ഞുനില്‍ക്കുന്ന ഹൃദയത്തോടെ, എല്ലാം ദാനമായി നല്‍കിയ അതിശയകരമായ ദൈവസ്‌നേഹത്തെ അനുഭവിച്ചറിഞ്ഞാല്‍, വൈദിക മേധാവിത്വ പ്രവണതകളെ മുളയിലേ നുള്ളിക്കളയാന്‍ നമുക്കു സാധിക്കും. ഇവയ്‌ക്കെല്ലാം ഉപരിയായി, ക്രൂശിതനായ യേശുവില്‍ എപ്പോഴും ദൃഷ്ടിയുറപ്പിക്കുക എന്നുള്ളതാണ് ഇതിനുള്ള അനുദിന പ്രതിവിധി. ഇത് നമ്മെ യജമാനഭാവത്തില്‍ നിന്നും ദാസന്റെ രൂപത്തിലേക്കും പാദക്ഷാളനത്തിന്റെ തലത്തിലേക്കും നയിക്കും.
നിരുത്സാഹരാകരുത്
നാം ധാരാളം ബലഹീനതകളും പരിമിതികളും ഉള്ളവരാണ്. എന്നാല്‍ അവയോര്‍ത്ത് ഒരിക്കലും നിരുത്സാഹരാകരുത്. അര മുറുക്കി, മുട്ടുകള്‍ മടക്കി, നമുക്ക് പരസ്പരം സമര്‍പ്പിച്ചുകൊണ്ട് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. അജപാലന ശുശ്രൂഷയിലോ, വ്യക്തിപരമായ ജീവിതത്തിലോ വീണു പോകാതിരിക്കാനുള്ള കൃപയ്ക്കായി നമുക്ക് അവിടുത്തോടു പ്രാര്‍ത്ഥിക്കാം. ദൈവത്തിന് ഇടം നല്‍കാതെയുള്ള മതപരമായ പ്രകടനങ്ങള്‍ നമുക്ക് ഉപേക്ഷിക്കാം. വിശുദ്ധമായവ കൈകാര്യം ചെയ്യുന്നയാള്‍ എന്നതിനേക്കാളുപരി സുവിശേഷത്തിന്റെ തീക്ഷ്ണതയുള്ള പ്രഘോഷകരാകാം. 'രാജ്യത്തിന്റെ പുരോഹിതര്‍' ആകാതെ, ജനത്തിന്റെ ഇടയരാകാം - പാപ്പാ അവര്‍ക്ക് പ്രചോദനവും ഉപദേശവും നല്‍കി.
നിങ്ങളെ സംരക്ഷിക്കാനും രഹസ്യമായി ചൊരിയപ്പെടുന്ന നിങ്ങളുടെ കണ്ണീര്‍ തുടയ്ക്കാനും ഞാന്‍ ദൈവമാതാവിനോട് അപേക്ഷിച്ചു - 'സാലുസ് പോപ്പുലി റൊമാനി' എന്ന റോമിലെ പ്രശസ്തമായ മാതാവിന്റെ ചിത്രത്തിനു മുമ്പില്‍ റോമിലെ വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച കാര്യം പാപ്പാ തന്റെ കത്തില്‍ അനുസ്മരിച്ചു. ഒരിക്കല്‍ കൂടി അവരുടെ ശുശ്രൂഷകളെപ്രതി അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും തനിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും പാപ്പാ കത്ത് ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.