ന്യൂഡല്‍ഹി: മണിപ്പൂര്‍ നിയമസഭാ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കുക്കി എംഎല്‍എമാര്‍ക്ക് ഐടിഎല്‍എഫ് (ITLF) നിര്‍ദേശം. കുക്കി വിഭാഗക്കാര്‍ക്കെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് നീക്കം. ഗോത്ര വിഭാഗക്കാരായ കുക്കികള്‍ക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയിരുന്നു.
കുക്കികളാണ് സംഘര്‍ഷത്തിനും കലാപത്തിനും പിന്നിലെന്ന മെയ്തീ വിഭാഗത്തിന്റെ ആക്ഷേപം ശരിവയ്ക്കുന്ന തരത്തിലുള്ള ഏകപക്ഷീയ പരാമര്‍ശമാണ് അമിത് ഷാ നടത്തിയത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന കുക്കി വിഭാഗത്തിന്റെ ആവശ്യം അദ്ദേഹം നിരസിക്കുകയും ചെയ്തു. മണിപ്പൂരിലെ സംഘര്‍ഷ സംഭവങ്ങള്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് തലവനായ സമിതി അന്വേഷിക്കുമെന്ന് അമിത് ഷാ അറിയിച്ചു.
സിബിഐ നടത്തുന്ന അന്വേഷണത്തിന് ജുഡീഷ്യല്‍ സമിതി മേല്‍നോട്ടം വഹിക്കും. മണിപ്പുര്‍ ഗവര്‍ണര്‍ അനസൂയ ഉയിക്കെയുടെ അധ്യക്ഷതയില്‍ സമാധാന സമിതി രൂപീകരിക്കും. എല്ലാ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും ഇരുവിഭാഗങ്ങളുടെ പ്രതിനിധികളും കമ്മിറ്റിയില്‍ ഉള്‍പ്പെടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
അതേസമയം മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് ക്രൂരമായ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് കോടതി പറഞ്ഞു. മെയ് നാല് മുതല്‍ മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ സ്വഭാവം അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിമാരുടെ മൂന്നംഗ സമിതിയോട് കോടതി ആവശ്യപ്പെട്ടു. സ്ത്രീകളെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരാക്കുന്നത് പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്നും ഭരണഘടനാ മൂല്യങ്ങളായ അന്തസ്, വ്യക്തി സ്വാതന്ത്ര്യം, സ്വയംഭരണം എന്നിവയുടെ ഗുരുതരമായ ലംഘനമാണിതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.