കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ലിറ്റര്‍ജി വിഷയത്തില്‍ മാര്‍പാപ്പയുടെ തീരുമാനം നടപ്പിലാക്കാനായി നിയമിതനായിരിക്കുന്ന പേപ്പല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിനെ അതിരൂപതയിലെ ഔദ്യോഗിക അല്‍മായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് (എ.കെ.സി.സി.) ഭാരവാഹികള്‍ പ്രസിഡന്റ് ഫ്രാന്‍സീസ് മൂലന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
സഭയോടൊപ്പം, സിനഡിനോടൊപ്പം എന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട് വ്യക്തമാക്കിയ ഭാരവാഹികള്‍, സഭയുടെ കൂട്ടായ്മക്കും, ഏകീകരണത്തിനുമായി ഉള്ള മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയും താമസിക്കരുത് എന്ന് പേപ്പല്‍ ഡെലഗേറ്റിനോട് അഭ്യര്‍ത്ഥിച്ചു.
ചില വൈദികരുടേയും, യാഥാര്‍ത്ഥ്യ ബോധമില്ലാതെ പ്രവര്‍ത്തിക്കുന്ന ചില വ്യക്തികളുടെയും സ്വാര്‍ത്ഥപരമായ തീരുമാനങ്ങള്‍ എറണാകുളം - അങ്കമാലി അതിരൂപതയുടെ പൊതു വികാരമായി കണക്കാക്കരുതെന്നും, സഭയെ സ്‌നേഹിച്ച് സഭ സിനഡിനെ അനുസരിക്കുന്ന അതിരൂപതയില്‍ സമാധാനം ആഗ്രഹിക്കുന്ന നിഷ്പക്ഷരായ വലിയ ഒരു വിശ്വാസി സമൂഹം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഉണ്ട് എന്നും ആര്‍ച്ച് ബിഷപ്പിന് നല്‍കിയ നിവേദനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാതെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സഭയില്‍ അന്തഛിദ്രത്തിന് വഴി ഒരുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അതിരൂപതയില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കുവാനുള്ള സത്വര നടപടികള്‍ പേപ്പല്‍ ഡെലഗേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ പിതാവിന്റെ ആഹ്വാനപ്രകാരം ആഗസ്റ്റ് 15 ന് ഉപവാസ ദിനവും, പ്രാര്‍ത്ഥന ദിനവുമായി ആചരിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.
അതിരൂപതാ പ്രസിഡന്റ് ഫ്രാന്‍സീസ് മൂലന്‍, ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ചെന്നെക്കാടന്‍, ഗ്ലോബല്‍ സെക്രട്ടറി ബെന്നി ആന്റണി, വൈസ് പ്രസിഡന്റുമാരായ ഡെന്നി തോമസ് തെക്കിനേടത്ത്, ബേബി പൊട്ടനാനി, സെക്രട്ടറി ജോണ്‍സണ്‍ പടയാട്ടില്‍, മീഡിയ കോ- ഓര്‍ഡിനേറ്റര്‍ ജോസ് ആന്റണി തുടങ്ങിയവരാണ് പേപ്പല്‍ ഡെലഗേറ്റിനെ സന്ദര്‍ശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.