കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്സ്; അനുമതി നല്‍കാതെ ഓസ്ട്രേലിയ

കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്സ്; അനുമതി നല്‍കാതെ ഓസ്ട്രേലിയ

ദോഹ/സിഡ്നി: കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്സ് പദ്ധതി ഇടുന്നു. ചില രാജ്യങ്ങളിലേക്ക് ലാഭ സാധ്യത മുന്‍കൂട്ടി കണ്ട് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കമ്പനി ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് സര്‍വീസ് എണ്ണം കൂട്ടാന്‍ ഖത്തര്‍ എയര്‍വേയ്സ് തീരുമാനിച്ചെങ്കിലും തിരിച്ചടി ലഭിച്ചിരിക്കുകയാണ്.

ഓസ്ട്രേലിയന്‍ നഗരങ്ങളിലേക്കുള്ള ആഴ്ചയിലെ സര്‍വീസുകള്‍ കൂടുതലാക്കാനാണ് ഖത്തര്‍ എയര്‍വേയ്സ് തീരുമാനിച്ചത്. ആവശ്യവുമായി ഓസ്ട്രേലിയന്‍ സര്‍ക്കാരിനെ ബന്ധപ്പെട്ടെങ്കിലും അനുമതി കിട്ടിയില്ല. ഓസ്ട്രേലിയയിലെ ജോലി സാധ്യതകള്‍ കുറയുമെന്ന് കണ്ടാണ് അനുമതി നല്‍കാതിരുന്നത്. ഓസ്ട്രേലിയന്‍ വിമാന കമ്പനിയായ ക്വിന്റാസ് ഖത്തര്‍ എയര്‍വേയ്സിന് എതിരായ റിപ്പോര്‍ട്ട് നല്‍കിയെന്നും വാര്‍ത്തകളുണ്ട്.

ഖത്തര്‍ എയര്‍വേയ്സിന് കൂടുതല്‍ സര്‍വീസിന് അനുമതി ലഭിക്കാതിരുന്നത് തിരിച്ചടിയാണ്. എന്നാല്‍ ഓസ്ട്രേലിയക്കും ഇത് തിരിച്ചടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാരണം ഓസ്ട്രേലിയന്‍ ടൂറിസം മേഖലയിലെ സന്ദര്‍ശകരുടെ എണ്ണം കുറയാന്‍ ഇത് കാരണമാകുമെന്നാണ് വിലയിരുത്തല്‍. പ്രതിവര്‍ഷം 50 കോടി ഡോളറിന്റെ നഷ്ടമാണ് ഓസ്ട്രേലിയക്ക് ഈ തീരുമാനം വരുത്തി വയ്ക്കുക.

ഖത്തറിന്റെ ആവശ്യം നിരസിച്ചതു വഴി പ്രതിവര്‍ഷം 540 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഓസ്ട്രേലിയക്കുണ്ടാകുക എന്ന് ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്തു. സര്‍വീസിന് അനുമതി നല്‍കുകയാണെങ്കില്‍ ലഭിക്കേണ്ടിയിരുന്ന മറ്റു സാമ്പത്തിക ക്രയവിക്രയങ്ങളുടെ വരുമാനം കൂടി കണക്കാക്കുമ്പോള്‍ നഷ്ടം 788 മില്യണ്‍ ഡോളറായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
ഖത്തറിന്റെ ആവശ്യം നിരസിക്കാമെന്ന് ഓസ്ട്രേലിയന്‍ ഗതാഗത മന്ത്രി കാതറിന്‍ കിങ് പാര്‍ലമെന്റിനെ അറിയിച്ചു. ദേശീയ താല്‍പ്പര്യം പരിഗണിച്ച് മാത്രമേ മുന്നോട്ടു പോകാവു എന്നും അവര്‍ അറിയിച്ചുവത്രെ. ഖത്തര്‍ എയര്‍വേയ്സിന് കൂടുതല്‍ അവസരം നല്‍കിയാല്‍ ഓസ്ട്രേലിയയുടെ വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും തൊഴില്‍ നഷ്ടപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആഴ്ചയില്‍ 28 വിമാനങ്ങള്‍ ദോഹയില്‍ നിന്ന് ഓസ്ട്രേലിയന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ 21 പ്രതിവാര സര്‍വീസ് കൂടി അനുവദിക്കാനാണ് ഖത്തര്‍ എയര്‍വേയ്സ് ആവശ്യപ്പെട്ടത്. ബ്രിസ്ബണ്‍, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്നി, അഡലെയ്ദ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.